ചാലക്കുടി പുഴയിൽ ഓരുവെള്ളം കയറി : പുത്തൻവേലിക്കരയിൽ കുടിവെള്ളം മുടങ്ങി
1491807
Thursday, January 2, 2025 4:36 AM IST
പറവൂർ: കഴിഞ്ഞ 10 ദിവസങ്ങളായി പുത്തൻവേലിക്കര പഞ്ചായത്തിൽ കുടിവെള്ളമില്ല. ചാലക്കുടി പുഴയും പെരിയാറും സംഗമിക്കുന്ന ഇളന്തിക്കര കണക്കൻ കടവിൽ ചാലക്കുടി പുഴയിൽ നിന്നാണ് പുത്തൻവേലിക്കര പഞ്ചായത്തിലേക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത്.
പെരിയാറിൽ നിന്നും ഓരൂ വെള്ളം കയറിയതിനെ തുടർന്നാണ് പമ്പിംഗ് നിലച്ചത്. പെരിയാറിൽ നിന്നുള്ള ഉപ്പ് വെള്ളം ചാലക്കുടി പുഴയിൽ കയറാതിരിക്കാനാണ് കണക്കൻ കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. പക്ഷേ റെഗുലേറ്ററിന്റെ രണ്ട് ഷട്ടറുകൾ കേടായതിനാൽ ഇപ്പോൾ മണൽ ബണ്ട് നിർമിച്ചാണ് ഉപ്പ് വെള്ളം കയറുന്നത് തടയുന്നത്.
പക്ഷേ ഈ കൊല്ലം മണൽ ബണ്ട് നിർമിക്കുന്ന കാര്യത്തിൽ മേജർ ഇറിഗേഷൻ വകുപ്പ് കാണിച്ച അനാസ്ഥയാണ് ബണ്ട് നിർമാണം വൈകാൻ ഇടയാക്കിയത്. ഇപ്പോൾ ചാലക്കുടി പുഴയിൽ കലർന്നിരിക്കുന്ന ഉപ്പുവെള്ളം പൂർണമായി ഒഴുക്കി കളയാതെ ഇവിടെ നിന്നും കുടിവെള്ള പന്പിംഗ് തുടങ്ങാൻ കഴിയില്ല.
പുത്തൻവേലിക്കര പഞ്ചായത്തിന്റെ അടിയന്തിരയോഗം ഇന്നലെ ചേർന്ന് ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും ജനങ്ങളുടെ ദൂരീതം പൂർണമായി മാറ്റാൻ കഴിയില്ല.
മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കാണിച്ച അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ പറഞ്ഞു.
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷ വേളയിൽ പുത്തൻവേലിക്കര പഞ്ചായത്തിൽ കുടിവെള്ളം വിതരണംനിലച്ചത് പൊറുക്കാനാ വാത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.