ഉമാ തോമസിനുണ്ടായ അപകടം : ‘നിയമസഭാ സമിതി അന്വേഷിക്കണം’
1491843
Thursday, January 2, 2025 5:07 AM IST
കൊച്ചി: ഉമാ തോമസ് എംഎല്‍എ യ്ക്ക് പരിക്കേല്ക്കാനുണ്ടായ ദാരുണമായ സംഭവം നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ക്ഷണിച്ചു വരുത്തിയ ദുരന്തമാണിത്. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട മേയര്‍ക്കും ജിസിഡിഎ ചെയര്‍മാനുമെതിരെ നടപടി ഉണ്ടാകണം.
വേദിയിലെ സുരക്ഷാവീഴ്ച പോലീസ് പോലും തിരിച്ചറിയാതിരുന്നത് അപകടം ക്ഷണിച്ചു വരുത്തിയതിന് തുല്യമാണ്. ഇത്രയധികം ആള്ക്കാര് പങ്കെടുത്ത ഒരു ചടങ്ങിനെ കുറിച്ച് അറിഞ്ഞില്ലെന്ന നഗരസഭയുടെയും ജിസിഡിഎയുടെയും വാദം ബാലിശമാണ്.
മന്ത്രിയുടെ പിന്തുണയോടെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും ചട്ടങ്ങള്‍ ലംഘിച്ചും സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. വിഷയത്തില്‍ നിയമസഭാ സ്പീക്കര്‍ അടക്കമുള്ളവര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കുമെന്നും ഷിയാസ് അറിയിച്ചു.