കരിപ്പാശേരി പള്ളിയിൽ വിശുദ്ധ അഗസ്തീനോസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നു
1491810
Thursday, January 2, 2025 4:36 AM IST
നെടുന്പാശേരി: കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വിശുദ്ധ ആഗസ്തീനോസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നു. ഞായറാഴ്ച രാവിലെ 9.30 ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിലാണ് പ്രതിഷ്ഠ നടക്കുക.
തിരുശേഷിപ്പ് മൂഴിക്കുളം ഫൊറോന പള്ളിയിൽ കൊണ്ടുവന്ന ശേഷം അവിടെ നിന്ന് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ കരിപ്പാശേരി പള്ളി വികാരി ഫാ. ആന്റണി വട്ടപ്പറന്പിലും ഇടവക ജനങ്ങളും കരിപ്പാശേരിയിൽ എത്തിച്ച് തിരുശേഷിപ്പ് പള്ളിയിൽ പ്രതിഷ്ഠിക്കും.
വിശുദ്ധ ആഗസ്തീനോസിന്റെ നാമധേയത്തിലുള്ള പള്ളികളിൽ തിരുശേഷിപ്പ് പ്രതിഷ്ഠയുള്ള ചുരുക്കം ചില പള്ളികളിൽ ഒന്നായി കരിപ്പാശേരി ഇടവക മാറും. റോമിൽ നിന്ന് പ്രത്യേകമായാണ് കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി തിരുശേഷിപ്പ് ലഭിച്ചിരിക്കുന്നത്.
വട്ടപ്പറന്പ് ജംഗ്ഷനിൽ എത്തുന്ന തിരുശേഷിപ്പ് വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് പ്രതിഷ്ഠയും ദിവ്യബലിയും നടക്കും. ചടങ്ങിനെത്തുന്നവർക്ക് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.