സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണക്കപ്പ് പ്രയാണത്തിന് ജില്ലയിൽ ഇന്ന് വരവേല്പ്
1491838
Thursday, January 2, 2025 5:07 AM IST
മൂവാറ്റുപുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സ്വർണക്കപ്പ് പ്രയാണത്തിന് ഇന്ന് മൂവാറ്റുപുഴയിൽ വരവേല്പ് നൽകും. എറണാകുളം ജില്ലയിൽ മുവാറ്റുപുഴയിൽ മാത്രമാണ് കപ്പിന് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
രാവിലെ എട്ടിന് മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ബാൻഡ് മേളത്തിന്റെയും ചെണ്ടവാദ്യത്തിന്റെയും അകന്പടിയോടെ എൻസിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, റെഡ് ക്രോസ് കേഡറ്റുകൾ, വിദ്യാർഥികൾ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് മുവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂളിലേക്ക് ആനയിക്കും.
മാത്യു കുഴൽനാടൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഡിഇഒ ആർ. സുമ, എഇഒ കെ.വി. ബെന്നി, ജനപ്രതിനിധികൾ, തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ഇടുക്കി ജില്ലയുടെ അതിർത്തിയായ മടക്കത്താനം വരെ കപ്പിനെ അനുഗമിക്കും. അവിടെവച്ചു ഇടുക്കി ജില്ലയിലെ അധികൃതർ കപ്പ് ഏറ്റുവാങ്ങും.
തിരുവനന്തപുരത്ത് നാലിന് ആരംഭിക്കുന്ന കേരള കലോത്സവ ജേതാക്കൾക്ക് സമ്മാനിക്കുന്ന 117 പവൻ സ്വർണം കൊണ്ട് നിർമിച്ച ട്രോഫി യും കൊണ്ടുളള പ്രയാണം കാസർഗോഡ് നിന്നാണ് ആരംഭിച്ചത്.