ഓൺലൈൻ തട്ടിപ്പ് : വിദേശ മലയാളിക്ക് നഷ്ടമായത് നാലരക്കോടി രൂപ
1491836
Thursday, January 2, 2025 4:58 AM IST
ആലുവ: പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ നഷ്ടമായത് നാലര കോടി രൂപ. സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് അന്വേഷണമാരംഭിച്ചു. ദുബായിൽ വച്ച് പരിചയപ്പെട്ട യുവതിയാണ് ഷെയർ ട്രേഡിംഗിൽ വിദഗ്ദയാണെന്നും വൻ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ച് നാലരക്കോടി രൂപ തട്ടിയെടുത്തത്.
വാട്സ്ആപ്, ജി മെയിൽ എന്നിവയിലൂടെയായിരുന്നു ഇവരുടെ ആശയ വിനിമയം. തട്ടിപ്പുസംഘം ആവശ്യപ്പെട്ട ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. ഇതിന്റെ ലാഭമായി വൻ തുക തിരിച്ചുനൽകി വിശ്വാസം ജനിപ്പിച്ചതോടെ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെ സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലായി നാലര കോടിയോളം രൂപ നിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. വൻ ലാഭം മൊബൈൽ ആപ്പിലെ പേജിൽ പ്രദർശിപ്പിച്ചു. ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ച് കഴിയാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകുകയായിരുന്നു.
പണം നിക്ഷേപിച്ച അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് മറ്റു പലരുടേതുമായതിനാൽ യാഥാർഥ പ്രതികളെ പിടിക്കാനാകാത്തത് സൈബർ പോലീസിനെ കുഴയ്ക്കുന്നുണ്ട്. കമ്മീഷൻ നൽകി ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് സംഘങ്ങൾ ചെയ്യുന്നത്. സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് എസ്.പി. വൈഭവ് സക്സേന പറഞ്ഞു.