പാലിയേറ്റീവ് വാർഷിക പദ്ധതികൾ ഉദ്ഘാടനം ചെയ്തു
1491816
Thursday, January 2, 2025 4:36 AM IST
നെടുന്പാശേരി: നെടുമ്പാശേരി മേഖലാ വി കെയർ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പുതുവത്സര ദിനത്തിൽ തുടക്കമായി. ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട തുരുത്തിശേരി സ്വദേശിനിയായ സുനി വർക്കിക്ക് കിയോസ്ക് നൽകിക്കൊണ്ടാണ് വാർഷിക പദ്ധതികൾക്ക് ആരംഭം കുറിച്ചത്.
ലോട്ടറി കച്ചവടത്തോടൊപ്പം, സ്വന്തമായി നിർമിക്കുന്ന കരകൗശല ഉത്പന്നങ്ങളും റോഡരികിൽ വെച്ച് വിൽപ്പന നടത്തുന്നതിന്റെ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ട്രസ്റ്റ് ഭാരവാഹികൾ ഇതറിയുകയും കിയോസ്ക് നൽകുവാൻ തയാറാവുകയും ചെയ്തത്.
ഇതോടൊപ്പം റോഡരികിൽ ഇത് സ്ഥാപിക്കുന്നതിന് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അനുമതിയും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ പാലിയേറ്റീവ് പദ്ധതികളുടെ ഉദ്ഘാടനവും, കിയോസ്കും കൈമാറി. കരിയാട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ്, പി.ഡി.തോമസ്, പി.വി. കുഞ്ഞ്, ഭാരവാഹികളായ കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.ജെ. ജോയ്, സി.വൈ. ശാബോർ, ഷൈജൻ പി. പോൾ, പി.വൈ. കുര്യച്ചൻ, മോഹനൻ പറമ്പിൽ, എം.ആർ. നാരായണൻ, സുമി സുധാകരൻ, റാണി പോൾസൺ, മോളി മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.