ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം; ലാന്‍ഡ് പൂളിംഗ് കരട് ഫെബ്രുവരിയില്‍
1491841
Thursday, January 2, 2025 5:07 AM IST
കൊച്ചി: ഇന്‍ഫോ പാര്‍ക്ക് മൂന്നാംഘട്ടത്തിനായി ലാന്‍ഡ് പൂളിംഗ് സംവിധാനത്തിലൂടെ സ്ഥലം ഏറ്റെടുക്കലിനുള്ള കരട് പദ്ധതി ഫെബ്രുവരിയോടെ തയാറാക്കും. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ചുമതലപ്പെടുത്തിയ പ്രത്യേക ടീം അംഗങ്ങളുമായി ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ എന്നിവര്‍ ചര്‍ച്ച നടത്തി. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട പദ്ധതി പ്രദേശത്തിന് സമീപത്തായി അനുയോജ്യമായ ഭൂമിയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ഇന്‍ഫോപാര്‍ക്ക് വികസനത്തിനായി ലാന്‍ഡ് പൂളിംഗ് നടപ്പിലാക്കുന്നതിനായി 2024 ഒക്ടോബറിലാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ ജിസിഡിഎയെ ചുമതലപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് വലിയ പദ്ധതിക്കായി ലാന്‍ഡ് പൂളിംഗ നടപ്പാക്കുന്നത്. വെള്ളപ്പൊക്ക പ്രളയസാധ്യത ഇല്ലാത്ത റോഡ് കണക്ടിവിറ്റിയുള്ള സ്ഥലമാണ് കണ്ടെത്തുന്നത്.
ആകെ ഭൂമിയുടെ 10 ശതമാനം വാട്ടര്‍ കണ്‍സര്‍വേഷന്‍ സോണായി സംരക്ഷിക്കും. ഗതാഗത സൗകര്യത്തിനായി പ്രധാന ഇടനാഴിയിലൂടെ ട്രാം സൗകര്യവും ജലവഴികളിലൂടെ വാട്ടര്‍ ടാക്സി സൗകര്യവും സജ്ജമാക്കും. കാല്‍നട, സൈക്കിള്‍ യാത്രികര്‍ക്ക് സൗഹൃദപരമായിരിക്കും റോഡുകള്‍.
ഇന്‍ഫോപാര്‍ക്ക് ഫേസ് 3 ല്‍ വിഭാവനം ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളെയും ആവശ്യകതകളെയും ഉള്‍പ്പെടുത്തിയാകും കരട് പദ്ധതി തയാറാക്കുക. ഓഫീസ് സ്പേസുകള്‍ക്കായി ഐടി ടവറുകള്‍, കോമേഷ്യല്‍ ഏരിയ, റിക്രിയേഷന്‍ ഏരിയ, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഐടി സോണ്‍ പ്രത്യേകമായി രൂപകല്പന ചെയ്യും. ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ടൗണ്‍ ഷിപ്പ് മാതൃകയിലാകും ഇന്‍ഫോ പാര്‍ക്ക് ഫേസ് 3 സജ്ജമാക്കുക.