കരുമാലൂരിൽ ലഹരി സംഘങ്ങൾ സജീവം
1491814
Thursday, January 2, 2025 4:36 AM IST
കരുമാലൂർ : കരുമാലൂർ പഞ്ചായത്ത് പ്രദേശങ്ങളായ മാഞ്ഞാലി- മാട്ടുപുറം മേഖല കേന്ദ്രീകരിച്ചു ലഹരി സംഘങ്ങൾ സജീവം. ഇന്നലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കഞ്ചാവുമായി മാഞ്ഞാലി മാട്ടുപുറത്തെ വീട്ടിൽ നിന്ന് എക്സൈസ് പിടികൂടി.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ മനയ്ക്കപ്പടി, പുതുക്കാട്, തത്തപ്പിള്ളി, മാഞ്ഞാലി, കൈതാരം എന്നിവിടങ്ങളിലെല്ലാം ലഹരിസംഘത്തിന്റെ ആക്രമണങ്ങൾ നടന്നിരുന്നു. ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും രാത്രി കാലങ്ങളിൽ ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
രാസലഹരി സംഘങ്ങളുടെ ശല്യം ചെറുക്കുന്നതിനായി മാഞ്ഞാലിയിലും കരിങ്ങാംതുരുത്തിലും കൂട്ടായ്മകൾ രൂപീകരിച്ചിരുന്നെങ്കലും കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ഇതോടെ വീണ്ടും ശല്യം വർധിച്ചിരിക്കുകയാണ്.
30 വയസിൽ താഴെ പ്രായമുള്ള യുവാക്കളാണു രാസലഹരി വസ്തുക്കൾ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. കൂടാതെ സന്ധ്യമയങ്ങിയാൽ പിന്നെ ഇരുചക്ര വാഹനങ്ങളിൽചുറ്റിത്തിരിയുന്ന ലഹരിസംഘങ്ങൾ പ്രദേശവാസികൾക്കു ശല്യമായി തീർന്നിരിക്കുന്നതായി പരാതിയുണ്ട്.
ലഹരിസംഘങ്ങൾക്കെതിരെ പരാതി ഉയരുന്നുണ്ടെങ്കിലും പൊലീസ്-എക്സൈസ് പരിശോധനകാര്യക്ഷമമല്ലെന്നാണു വ്യാപക പരാതി.