പുതുവത്സരദിനത്തില്‍ കിഴക്കന്പലം ടൗൺ ശുചീകരിച്ചു
1491815
Thursday, January 2, 2025 4:36 AM IST
കിഴക്കന്പലം: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും പുതുവത്സരത്തിൽ കിഴക്കന്പലം ടൗൺ ശുചീകരിച്ച് പുതുവത്സരത്തിൽ ശുചിത്വത്തിന്റെ മഹത്വമോതി മാതൃകയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഉള്ള ശുചീകരണ യജ്ഞത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം പരിസര വാസികളും പങ്കു ചേർന്നു.
വലിച്ചെറിയല്‍ വിരുദ്ധ വാരവുമായി ബന്ധപ്പെട്ട് മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി പഞ്ചായത്ത് നിരവധി ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള സഹകരണം ലഭിക്കുന്നുണ്ടെങ്കില്‍ പോലും ഒരു വിഭാഗം ആൾക്കാര് ഇപ്പോഴും ഈ വിഷയത്തിന്റെ പ്രധാന്യം മനസിലാക്കാതെ പോകുന്നത് പഞ്ചായത്തിന് വലിയ പ്രതിസന്നിസ്യഷ്ടിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഫെബ്രുവരിയോടുകൂടി തന്നെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിക്കുവാനുള്ള തീവ്ര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനായി ഉടൻ തന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി, ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ ജെനീസ് പി. കാച്ചപ്പിള്ളി, ജനപ്രതിനിധികൾ തുടങ്ങിയവരും നേതൃത്വം നൽകി.