മൂവാറ്റുപുഴയിൽ ക്രിസ്മസ് വിപണി സജീവം
1487958
Wednesday, December 18, 2024 4:15 AM IST
മൂവാറ്റുപുഴ: ക്രിസ്മസും പുതുവത്സരവും പടിവാതിൽക്കലെത്തിയതോടെ മൂവാറ്റുപുഴയിൽ ക്രിസ്മസ് വിപണി സജീവമായി. ന്യൂജെൻ നക്ഷത്രങ്ങളോടും ന്യൂജൻ ക്രിസ്മസ് ട്രീയുമൊക്കെയായാണ് ഇത്തവണ ക്രിസ്മസ് വിപണി സജീവമായിരിക്കുന്നത്. പേപ്പർ നക്ഷത്രങ്ങൾക്ക് പുറമേ ഇലക്ട്രിക് നക്ഷത്രങ്ങളും ഇലക്ട്രിക് ക്രിസ്മസ് ട്രീയും വിപണി കൈയടക്കിയിട്ടുണ്ട്.
നക്ഷത്രങ്ങൾക്കും അലങ്കാര ബൾബുകൾക്കും ക്രിസ്മസ് ട്രീക്കുമാണിപ്പോൾ ആവശ്യക്കാരേറെയും. വരും ദിവസങ്ങളിൽ ക്രിസ്മസ് പപ്പാ വേഷങ്ങൾക്കും പുൽക്കൂട് നിർമാണ സാമഗ്രികൾക്കും ആവശ്യക്കാരേറുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. 170 രൂപ മുതൽ 650 രൂപവരെയുള്ള നിരക്കിൽ റെഡിമെയ്ഡ് പുൽക്കൂട് ലഭിക്കും. ക്രിസ്മസ് ട്രീയാണ് ഇത്തവണയും വിപണിയിലെ താരമായി മാറിയിക്കുന്നത്. 210 മുതൽ 5000 രൂപവരെയുള്ള വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീക്കാണ് ആവശ്യക്കാർ ഏറെയും.
3000 രൂപയുടെ ഇലക്ട്രിക് പടക്കവും ഇത്തവണ വിപണയിലെത്തിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും അടക്കം എല്ലായിടങ്ങളിലും ക്രിസ്മസിനെ വരവേൽക്കാരൻ അലങ്കാരങ്ങൾ ആരംഭിച്ചതോടെ വിപണി വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപരികൾ. ക്രിസ്മസ്, ന്യൂ ഇയർ കാർഡുകൾ ഓർമകളിലേക്ക് മാറിയെങ്കിലും പേരിനെങ്കിലും കാർഡുകൾ വ്യാപാരികൾ വിൽപ്പനശാലകളിൽ കരുതിവച്ചിട്ടുണ്ട്.