കരുതലും കൈത്താങ്ങും: ഇതുവരെ 1,357 പരാതികള്‍
1487732
Tuesday, December 17, 2024 5:03 AM IST
കൊച്ചി: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്ത് 21 മുതല്‍ ജനുവരി മൂന്ന് വരെ നടക്കും. ഇതോടനുബന്ധിച്ച് ഇതുവരെ 1357 പരാതികളാണ് അദാലത്തിലേക്ക് ആകെ ലഭിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം പരാതികള്‍-408 എണ്ണം. സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 106 പരാതികളും കണയന്നൂര്‍ താലൂക്കുമായി ബന്ധപ്പെട്ട് 156 പരാതികളും കുന്നത്തുനാട് താലൂക്കുമായി ബന്ധപ്പെട്ട് 102 പരാതികളും ലഭിച്ചു. അക്ഷയ സെന്ററുകള്‍ മുഖേനയും താലൂക്ക് ഓഫീസുകളില്‍ നേരിട്ടും, karuthal.kerala.gov.in വെബ് സൈറ്റ് വഴി ഓണ്‍ലൈനായുമാണ് പരാതികള്‍ സ്വീകരിക്കുന്നത്.
അദാലത്തിന്റെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ പൂര്‍ണ ചുമതല ജില്ലാ കളക്ടര്‍ക്കാണ്. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.
തീയതി, താലൂക്ക്, വേദി
21ന് കൊച്ചി (ടിഡി സ്കൂള്‍, മട്ടാഞ്ചേരി), 23ന് കുന്നത്തുനാട്(ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോർ ഗേള്‍സ്, പെരുമ്പാവൂര്‍)
24ന് ആലുവ(ടൗണ്‍ഹാള്‍), 26ന് മുവാറ്റുപുഴ(നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, 27ന് കോതമംഗലം(മാര്‍ ബേസില്‍ കണ്വന്ഷന് സെന്റർ)
30ന് നോര്‍ത്ത് പറവൂര്‍(മുനിസിപ്പല്‍ ടൗണ്‍ ഹാള്‍), ജനുവരി മൂന്നിന് കണയന്നൂര്‍. കണയന്നൂര്‍ താലൂക്കിലെ വേദി സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.