നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
1487686
Monday, December 16, 2024 10:27 PM IST
മൂവാറ്റുപുഴ : പണ്ടപ്പിള്ളി തോട്ടക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയുണ്ടായ അപകടത്തിൽ ഒഡീഷ സ്വദേശി ഗോപി സുർജി നായിക്(50) ആണ് മരിച്ചത്.
രണ്ടു തൊഴിലാളികളും വാഴക്കുളം സ്വദേശി ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വാഴക്കുളം സ്വദേശി ഡൊമനിക്കി (57)നും ഒഡീഷ സ്വദേശി ലായി മാജിക്കു(40)മാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡെമനിക്കിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പണ്ടപ്പിള്ളിയിൽ നിന്ന് ലോഡുമായി തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഗോപി സുർജി നായികിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേനയെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടകാരണം വ്യക്തമല്ല.