വാഴക്കാല സ്വദേശിയുടെ മരണം: ബീഹാർ സ്വദേശികളായ ദമ്പതികൾ പിടിയിൽ
1487472
Monday, December 16, 2024 5:02 AM IST
കാക്കനാട്: തൃക്കാക്കര വാഴക്കാല സൈറ മൻസിൽ സലീ(68)മിനെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബീഹാർ സ്വദേശികളായ ദമ്പതികളെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തു. ബിഹാർ നളന്ദ സ്വദേശികളായ കൗശൽ കുമാർ(24), ഭാര്യ അസ്മിത കുമാരി(23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നവംബർ 29 നായിരുന്നു കൊലപാതകം നടന്നത്. സ്വാഭാവിക മരണമെന്ന് കരുതി സലീമിന്റെ മൃതദേഹം ബന്ധുക്കൾ ആചാരപ്രകാരം അടക്കം ചെയ്യുകയായിരുന്നു. പിന്നീട് ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സലിമിന്റെ സ്വർണ മോതിരം ഉൾപ്പെടെ നിരവധി സാധനങ്ങൾ അപഹരിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലാവുന്നത്.
സലീമിന്റെ വീട്ടിലെ പ്ലംബിംഗ് ജോലികളും മറ്റും ചെയ്തിരുന്നത് കൗശൽകുമാർ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സലിമിന്റെ വീടിന് സമീപത്തെ വീഡിയോ ഫുട്ടേജ് പരിശോധിച്ചതിനെത്തുടർന്നാണ് വീട്ടിലെ മുൻ വേലക്കാരികൂടിയായ അസ്മിത കുമാരിയെയും കൂട്ടി കൗശൽകുമാർ സ്വദേശമായ ബിഹാറിലേക്ക് പോയകാര്യം പോലീസ് അറിഞ്ഞത്. തുടർന്ന് ഇവരെ തന്ത്രപൂർവം കേരളത്തിലേക്ക് തിരികയെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് തൃക്കാക്കര സിഐ എ.കെ. സുധീർ പറഞ്ഞു.
തൃക്കാക്കര പൊലീസ് അസി. കമ്മീഷണർ പി.വി. ബേബിയുടെ മേൽനോട്ടത്തിൽ സിഐ എ.കെ. സുധീർ, എസ്ഐ മാരായ വി.ബി. അനസ്, വി.ജി. ബൈജു വി. ശ്രീജിത്ത്, എഎസ്ഐമാരായ ഷിബി കുര്യൻ, ടി.പി. അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിനാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ഇ.കെ. സുജിത്ത്, അനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
മരണത്തിൽ കലാശിച്ചത്
കൂലിത്തർക്കത്തെ തുടർന്നുള്ള
പിടിവലിയെന്ന് പ്രതികൾ
കാക്കനാട്: കൂലിത്തർക്കത്തെ തുടർന്നുള്ള പിടിവലിയാണ് മരണത്തിൽ കലാശിച്ചതെന്ന് പ്രതികൾ പറഞ്ഞതായി പോലീസ്. പിടിവലിക്കിടയിൽ സലീമിനെ നിലത്തേക്ക് തള്ളിയിട്ടതാണെന്ന് കൗശൽകുമാർ പോലീസിനോട് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് സലീമിന്റെ വിരലുകളിൽ നിന്നും മോതിരങ്ങൾ അടക്കം കവർന്ന ശേഷം ദമ്പതികൾ മടങ്ങുകയായിരുന്നു. സലീമിന്റെ വീട്ടിൽ ജോലിക്കാരിയായിരുന്ന അസ്മിത കുമാരിക്ക് നൽകിയ കൂലി കുറഞ്ഞുപോയത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു പ്രതികൾ. പ്രതികളുടെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.