ജില്ലയിൽ രാസലഹരിയുമായി ഏഴുപേർ അറസ്റ്റിൽ
1487471
Monday, December 16, 2024 5:02 AM IST
കൊച്ചി/പെരുന്പാവൂർ: ജില്ലയിൽ രാസലഹരിയുമായി ഏഴുപേർ പിടിയിലായി. കൊച്ചി സിറ്റി പോലീസ് പരിധിയിൽ നിന്നും മൂന്നുപേരും പെരുന്പാവൂരിൽ നിന്നും നാലുപേരുമാണ് അറസ്റ്റിലായി. കൊച്ചിയിൽ പിടികൂടിയവരിൽ നിന്നും 11.29 ഗ്രാം എംഡിഎംഎയും പെരുന്പാവൂരിൽ അറസ്റ്റിലായവരിൽ നിന്നും എട്ടുഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്.
മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയില്‍ നടത്തുന്ന പരിശോധനകള്‍ക്കിടെ ലഹരി മരുന്നുമായി രണ്ടിടങ്ങളില്‍ നിന്നാണ് മൂന്നു യുവാക്കളെ പിടികൂടിയത്. കരുവേലിപ്പടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ മുണ്ടംവേലി സ്വദേശി പി.എസ്. സാമുവല്‍(31), തോപ്പുംപടി സ്വദേശി ജെന്സണ് സേവ്യര്‍(29) എന്നിവരെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നും ബംഗളൂരുവില്‍ നിന്നും വില്പനയ്ക്കായി എത്തിച്ച 9.22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഫോര്‍ട്ട്കൊച്ചി പോലീസിന്റെ നേതൃത്വത്തില്‍ താമരപ്പറമ്പ് ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലായിരുന്നു രണ്ടാമത്തെ അറസ്റ്റ്. താമരപ്പറമ്പ് സ്വദേശി എം.ജെ. ഗര്ഷോണാ(28)ണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.07 ഗ്രാം എംഡിഎംഎ പിടികൂടി.
മാറമ്പിള്ളി മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ അൽത്താഫ് (23), ചെറുവേലിക്കുന്ന് ഇലവുംകുടി മനു (22), മൗലൂദ്പുര അത്തിക്കോളിൽ മുഹമ്മദ് ഷഫാൻ (21), ചെറുവേലിക്കുന്ന് ഒളിക്കൽ ഫവാസ് (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിംഗിനിടെ പാത്തിപ്പാലത്തുവച്ചാണ് ഇവർ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ നാല് യുവാക്കൾ കാറിൽ ഇരിക്കുന്നതായി കണ്ടതിനെത്തുടർന്ന് പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നായി 8 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐ മാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എൽദോ, സിപിഒ മാരായ നസിബ്, നിഷാദ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആഘോഷ ലഹരിക്കു കടിഞ്ഞാണിടാൻ പോലീസ്
കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചിയിലെ മയക്കുമരുന്ന് വ്യാപനം തടയാനൊരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി അഞ്ചുപേരടങ്ങുന്ന പ്രത്യേകസംഘങ്ങള്‍ 24 മണിക്കൂറും രംഗത്തുണ്ടാകും. 250 പോലീസുകാരാണ് പ്രത്യേക ഡ്രൈവിന്റെ ഭാഗമാകുക. എസ്ഐമാര്‍ക്ക് ആയിരിക്കും ടീമിന്റെ ചുമതല. നഗരത്തിലെ ചെറുതും വലുതുമായ ആഘോഷ പരിപാടികളും നിരീക്ഷണ വലയത്തിലായിരിക്കും.
ഇതിനുപുറമേ പുതുവത്സരത്തോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചിയില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. കൊച്ചി സിറ്റിയില്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ള സ്ഥലങ്ങളിലടക്കം പരിശോധനകളും നടക്കുകയാണ്. തിരക്കേറിയ ഇടങ്ങളിലും ബ്ലാക്ക് സ്പോട്ടുകളിലും റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
ഡിജെ പാര്‍ട്ടികളിലടക്കം പോലീസ് മഫ്തിയിലെത്തിയാകും നിരക്ഷണം. ഇത്തരം പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ പോലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. പോലീസ് നല്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരമാകും ഇവ സംഘടിപ്പിക്കാനാകുക.
പോലീസ് നിരീക്ഷണത്തിന് പുറമേ ഇന്റലിജന്റ് സിറ്റി സര്‍വൈലന്‍സ് സിസ്റ്റം (ഐസിഎസ്എസ്) പദ്ധതി കൊച്ചി നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള 336 എഐ ഹൈ ഡെഫിനിഷന്‍ കാമറകളിലൂടെയും നടപടികള്‍ തുടരും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.