പൊക്കാളി പാടം നികത്തുന്നത് കൗൺസിലർ തടഞ്ഞു
1487734
Tuesday, December 17, 2024 5:03 AM IST
തൃപ്പൂണിത്തുറ: തെക്കുംഭാഗം മോനിപ്പിള്ളിയിൽ പൊക്കാളി പാടം മണ്ണിട്ട് നികത്തുന്നത് നഗരസഭാ കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ ഒറ്റയ്ക്കെത്തി തടഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഏക്കർ കണക്കിന് പാടം ഇവിടെ നികത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ടിപ്പർ ലോറികളിലായി മണ്ണിട്ട് നികത്തുകയാണ് ചെയ്തുവരുന്നത്.
ഇങ്ങനെ ചെമ്മണ്ണുമായെത്തിയ ടിപ്പർ ലോറി ലോഡ് ഇറക്കിയ ശേഷം തിരിച്ചു പോകാൻ തുടങ്ങവെ വണ്ടി വിടാതെ ലോറിക്കു മുന്നിൽനിന്ന് കൗൺസിലറും സിപിഎം നേതാവുമായ ഇ.ടി.സുബഹ്മണ്യൻ തടയുകയായിരുന്നു. കരാറുകാരനും വണ്ടിക്കാരും സുബ്രഹ്മണ്യനുമായി തർക്കവുമുണ്ടായി. പോലീസിനേയും റവന്യൂ വകുപ്പ് അധികൃതരെയും വിവരമറിയിച്ചതിനെതുടർന്ന് ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. കുറച്ച് നാൾ മുന്പ് ഇവിടെ പാടം നികത്തിയപ്പോൾ നടമ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നതാണ്. അധികൃതരുടെ മൗനസമ്മതത്തോടെയാണ് പാടം നികത്തൽ നടക്കുന്നതെന്നും ആക്ഷേപമുണ്ട്.