കാട്ടാന ആക്രമണം: മന്ത്രിയും വനംവകുപ്പും നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ
1487711
Tuesday, December 17, 2024 4:31 AM IST
കോതമംഗലം: കുട്ടന്പുഴ പിണവൂർകുടിയിൽ ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തി രണ്ട് വർഷം പിന്നിട്ടിട്ടും മന്ത്രിയും വനം വകുപ്പ് അധികൃതരും നൽകിയ ഉറപ്പും വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല.
2022 ൽ പിണവൂർ കുടിയിൽ രാവിലെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ ആദിവാസി യുവാവ് സന്തോഷിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. സംഭവത്തെ തുടർന്ന് മന്ത്രിയും വനംവകുപ്പ് അധികൃതരും വൈദ്യുത വേലിയും ട്രെഞ്ചും നിർമിക്കാമെന്നും സന്തോഷിന്റെ ആശ്രിതർക്ക് ജോലിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിൻമേലാണ് അന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
സന്തോഷിന്റെ മകൻ സന്ദീപിന് വനം വകുപ്പ് ജോലി നൽകാമെന്ന് പറഞ്ഞങ്കിലും നൽകിയില്ലെന്ന് ഇന്നലെ പ്രദേശവാസികൾ പറഞ്ഞു. സന്തോഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വൈകി ലഭിച്ചു. അന്ന് മന്ത്രിയും വനം വകുപ്പും നൽകിയ വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ എൽദോസിന് ജീവൻ നഷ്ടമാകില്ലായിരുന്നു. വനം വകുപ്പ് അധികൃതർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.