എറണാകുളം ലൂര്‍ദ് ആശുപത്രിക്ക് 60 വയസ്
1487966
Wednesday, December 18, 2024 4:15 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രി അറുപതിന്റെ നിറവില്‍. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന മിഷൻ ആശുപത്രി എന്ന നിലയിൽ 1965 ൽ പ്രവർത്തനം തുടങ്ങിയ ലൂർദ്, അതിന്റെ ചൈതന്യം ഉൾക്കൊണ്ട് ആറു പതിറ്റാണ്ടിനിടെ സേവനമികവിലൂടെ കൊച്ചിയുടെ ആരോഗ്യപരിപാലന മേഖലയിൽ മാതൃകാപരമായ നേട്ടങ്ങളാണു കൈവരിച്ചത്. അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20 ന് ആശുപത്രിയില്‍ വിപുലമായ ആഘോഷം (ലെഗാമെ 24) സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ് സിക്കേര, അസോ. ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പോള്‍ പുത്തൂരാന്‍ എന്നിവര്‍ പറഞ്ഞു.
വൈകുന്നേരം 4.30 നു നടക്കുന്ന ചടങ്ങില്‍ ലൂര്‍ദ് സ്ഥാപനങ്ങളിലെ രണ്ടായിരത്തില്പരം ജീവനക്കാർ കൂട്ടായി ഒരുക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് പരസ്പരം പങ്കിട്ടും പ്രതിജ്ഞയെടുത്തും സുംബാ ഡാന്‍സ് കളിച്ചും ആഘോഷങ്ങളിൽ പങ്കുചേരും. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും മെച്ചപ്പെട്ട തൊഴില്‍, ജീവിത നിലവാരത്തിന്റെയും പ്രാധാന്യം പകര്‍ന്നു നല്കുന്ന ആഘോഷപരിപാടിയിലൂടെ ആശുപത്രി വേള്‍ഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആദ്യമായാണ് ഒരു ആശുപത്രി ഇത്തരത്തില്‍ റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്നത്.
ലൂര്‍ദ് സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം ചെയ്ത 60 ജീവനക്കാരെ ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. ജീവനക്കാര്‍ക്കായി സൗജന്യ രക്ത പരിശോധന ക്യാമ്പ്, പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി, വിവിധ പ്രദേശങ്ങളിൽ 60 സ്പെഷലൈസ്ഡ് മെഡിക്കല്‍ ക്യാമ്പുകൾ, ബോധവല്കരണ ക്ലാസുകൾ, 60 ഡോക്ടര്‍മാരുടെ ആരോഗ്യസംബന്ധമായ ലേഖനങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം എന്നിവ സംഘടിപ്പിക്കും.
ആശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലും 60 വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്കും തുടക്കം കുറിക്കുമെന്നും ഫാ. ജോര്‍ജ് സിക്കേര പറഞ്ഞു. ഡോ. ജോയിസ് വര്‍ഗീസ്, എച്ച്ആര്‍ മാനേജര്‍ അന്ന സിജി ജോര്‍ജ്, റിലേഷന്‍സ് ഓഫീസര്‍ റ്റിറ്റ്സണ്‍ ദേവസി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലൂർദ് ആശുപത്രി 1965 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.