രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ തൂങ്ങി മരിച്ചനിലയിൽ
1487967
Wednesday, December 18, 2024 4:15 AM IST
പിറവം: രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാമ്മലശേരി മേച്ചേരിമറ്റം എളളിക്കുഴിയിൽ ചെറിയാന്റെ മേരിയുടഎയും മകനായ എ.സി. ബിജു (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് വരാത്തതിനെത്തുടർന്ന് സ്റ്റേഷനിൽനിന്ന് വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല. ഇതിനിടെ ബിജുവിന്റെ വീടിനടുത്തുള്ള സുഹൃത്തായ ബാബു ഇക്കാര്യം പോലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
വീട്ടിൽ കിടന്നുറങ്ങാൻ പോവുകയാണെന്നും കുറച്ചുനേരം കഴിഞ്ഞ് വിളിക്കണമെന്നും സുഹൃത്തിന്റെ മാതാവിനോട് ഫോണ് വിളിച്ചു പറഞ്ഞിരുന്നു. ബാബു പല പ്രാവശ്യം വിളിച്ചെങ്കിലും ബിജു ഫോണെടുത്തില്ല. ഉച്ചയോടെ ബാബു വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് സ്റ്റെയർ കേസിൽ തൂങ്ങിയ നിലയിൽ ബിജുവിനെ കണ്ടത്. സമീപവാസികൾ ചേർന്ന് ഉടൻ പിറവം താലൂക്ക് ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി രാമമംഗലത്തുനിന്നു പോലീസുകാരുമായി ശബരിമലക്ക് പോയ ബിജു തിങ്കളാഴ്ച രാവിലെയാണ് മടങ്ങിയെത്തിയത്. തുടർന്ന് സ്റ്റേഷനിലിരുന്ന ശേഷം വൈകുന്നേരമാണ് വീട്ടിലേക്ക് പോയത്. ബിജുവിനെ ഇന്നലെ രാവിലെയും വീട്ടിൽ കണ്ടിരുന്നതായി സമീപവാസികൾ പറയുന്നു. വീടിന്റെ വാതിൽ കുറ്റിയിട്ട് അടയ്ക്കുന്നതിന് പകരം, പേപ്പർ ചേർത്തു വച്ച് അടച്ച നിലയിലായിരുന്നു.
ഭാര്യ: ഓണക്കൂർ അഞ്ചൽപ്പെട്ടി കല്ലറയ്ക്കൽ കുടുംബാംഗമായ റീന കുവൈറ്റിൽ നഴ്സാണ്. മക്കൾ: ആൻ മരിയ ബിജു (നഴ്സിംഗ് വിദ്യാർഥിനി യുകെ), അലൻ ബിജു (ഏഴാം ക്ലാസ് വിദ്യാർഥി, ഭവൻസ് വെള്ളൂർ). മകൾ ഒന്നാം വർഷ ക്ലാസുകൾക്ക് ശേഷം ഏതാനും ദിവസങ്ങൾക്ക് മുന്പ് നാട്ടിലെത്തിയിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്കാരം ഇന്ന് മൂന്നിന് മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ.