ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ മാർച്ചും ധർണയും
1487473
Monday, December 16, 2024 5:02 AM IST
കോതമംഗലം : കാട്ടാന ആക്രമണത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചെന്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മാർച്ച് ഫോറസ്റ്റ് സ്റ്റേഷനു മുന്പിൽ പോലീസ് തടഞ്ഞു. സ്ഥലത്ത് വൻ പോലീസ് സന്നാഹമായിരുന്നു.
ഇപ്പോഴും ചെന്പൻകുഴി ഭാഗത്ത് റോഡിനു മുകളിലായി ആന നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സമരത്തിത് നേതൃത്വം വഹിച്ചവരുമായി കോതമംഗലം തഹസിൽദാറും, മൂവാറ്റുപുഴ ഡിവൈഎസ്പിയും ചർച്ച നടത്തി.
കളക്ടറുടെ സാന്നിധ്യത്തിൽ ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി ഇന്നു ചർച്ച ചെയ്യാമെന്ന് അറിയിച്ചതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, പഞ്ചായത്തംഗങ്ങളായ സന്ധ്യ ജെയ്സണ്‍, ജിൻസി മാത്യു, നീണ്ടപ്പാറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ ഓണെലിൽ, ചെന്പൻകുഴി യാക്കോബായ പള്ളി വികാരി ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ സണ്ണി കടുത്താഴെ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജൈമോൻ ജോസ്, ബിജെപി മേഖല സെക്രട്ടറി ഇ.എം സജീവ്, ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി എ.സി രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.
കാട്ടാനശല്യം : യുഡിഎഫ് പ്രക്ഷോഭത്തിന്
കോതമംഗലം: കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടാകാത്ത പക്ഷം യുഡിഎഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. കഴിഞ്ഞ എട്ടു മാസത്തിനകം കോതമംഗലം മേഖലയിൽ കാട്ടാന ആക്രമണം മൂലം രണ്ടാമത്തെ മരണമാണ് നേര്യമംഗലം ചെന്പൻകുഴിയിൽ മാത്രം ഉണ്ടായിട്ടുള്ളത്.
നിരവധി തവണ ഫെൻസിംഗ് നിർമാണ ഉദ്ഘാടനം എന്ന പേരിൽ കോതമംഗലം എംഎൽഎ ചടങ്ങുകൾ സംഘടിപ്പിച്ചെങ്കിലും നാളിതുവരെ നീണ്ടപാറ, ചെന്പൻകുഴി പ്രദേശങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുവാനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും അനാസ്ഥ ഒഴിവാക്കി അടിയന്തരമായി ഈ പ്രദേശങ്ങളിൽ മുഴുവൻ സമയവും ആർആർടി സേവനവും കൂടാതെ വാച്ചർമാരെ കൂടുതലായി നിയമിക്കണമെന്നും നിയമാനുസൃതമുള്ള ഉത്തരവ് പ്രകാരം റോഡിൽ നിന്നും അഞ്ചു മീറ്റർ ദൂരപരിധിയിലുള്ള മുഴുവൻ മരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റി ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഒരുക്കണമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികാരികളും സർക്കാരും തയാറാകാത്ത പക്ഷം കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്നും യുഡിഎഫ് ജില്ലാ കണ്‍വീനർ അറിയിച്ചു.