ആറു ഭക്ഷണ വിൽപ്പന സ്ഥാപനങ്ങൾക്ക് നോട്ടീസ്
1487955
Wednesday, December 18, 2024 3:44 AM IST
ആലുവ: ഹെൽത്തി കേരള പരിശോധയുടെ ഭാഗമായി കീഴ്മാട് ഗ്രാമപഞ്ചായത്ത് കടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ ക്രിസ്മസ് -ന്യൂ ഇയർ സ്പെഷൽ ഭക്ഷണശാലകളിൽ പരിശോധന നടത്തി. ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിലെ തോട്ടുംമുഖം, കുട്ടമശേരി മേഖലകളിലെ കേക്ക് നിർമാണ യൂണിറ്റടക്കമാണ് പരിശോധന നടന്നത്.
ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സ്ഥാപനങ്ങളിൽ കണ്ടെത്തിയ അപര്യാപ്തതകൾക്ക് മാറ്റം വരുത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ് അറിയിച്ചു. മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതിരിക്കുക, പാകം ചെയ്യാൻ ഉള്ളതും പാകം ചെയ്തതുമായ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ അശാസ്ത്രീയമായി സൂക്ഷിക്കുക, ഫ്രിഡ്ജിൽ പഴകിയ ഭക്ഷണങ്ങൾ സൂക്ഷിക്കുക, കിണർ ജലം ബാക്ടീരിയോളജി പരിശോധനയ്ക്ക് വിധേയമാക്കാതിരിക്കുക, ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കുക,നിയമപ്രകാരമുള്ള പുകവലി നിരോധിത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജിന്റെ നേതൃത്വത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി. സബ്ന, എസ്. സ്റ്റെഫി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.