പി.കെ. കുര്യാക്കോസ് സ്മാരക പുരസ്കാരം എം.വി. ജനാർദനന്റെ പെരുമലയന്
1487743
Tuesday, December 17, 2024 5:03 AM IST
കോതമംഗലം: നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്ന പി.കെ. കുര്യാക്കോസ് സ്മാരക പുരസ്കാരം എം.വി. ജനാർദനൻ എഴുതിയ പെരുമലയൻ എന്ന നോവലിന് ലഭിച്ചു. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ്, സെക്രട്ടറി ശാസ്ത്രസാഹിത്യപരിഷത്ത്, മേഖലാ പ്രസിഡന്റ്, എൻഎഫ്പിടിഇ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പി.കെ. കുര്യാക്കോസിന്റെ സ്മരണയ്ക്കായി യുഗദീപ്തി ഗ്രന്ഥശാലയും കുടുംബാംഗങ്ങളും സംയുക്തമായാണ് പി.കെ. കുര്യാക്കോസ് സ്മാരക പുരസ്കാരം നൽകുന്നത്.
എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗം മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം, കവി ജയകുമാർ ചെങ്ങമനാട്, കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബോബി പി. കുര്യാക്കോസ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ജനുവരി അഞ്ചിന് വൈകുന്നേരം നാലിന് ഗ്രന്ഥശാലയിൽ നടക്കുന്ന സമ്മേളനത്തിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകൻ ചരുവിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ജൂറി അംഗം ബോബി പി. കുര്യാക്കോസ്, താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് കെ.ഒ കുര്യാക്കോസ്, യുഗദീപ്തി ഗ്രന്ഥശാല പ്രസിഡന്റ് പി.കെ. ബാപ്പൂട്ടി, നിർവാഹക സമിതിയംഗം കെ. ചന്ദ്രൻ,യുഗദീപ്തി ഗ്രന്ഥശാല സെക്രട്ടറി എം.കെ.ബോസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.