ആയിരങ്ങൾക്ക് "കരുതലായ് ' മെഡിക്കല്‍ ക്യാമ്പ്
1487475
Monday, December 16, 2024 5:02 AM IST
കൊച്ചി: ടി.ജെ. വിനോദ് എംഎല്‍എയുടെ കരുതലായ് എറണാകുളം സൗജന്യ സൂപ്പര്‍ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ 4371 പേര് പങ്കെടുത്ത് ചികിത്സ തേടിയതായി ടി.ജെ.വിനോദ് അറിയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത് ഫോളോ അപ് കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്ത എല്ലാവര്ക്കും തന്നെ രക്ത പരിശോധനകളും രോഗ നിര്‍ണയത്തിന്റെ ഭാഗമായുള്ള എംആര്‍ഐ, സിടി, എക്സ്റേ ഉള്‍പ്പെടെയുള്ള മുഴുവന്‍ പരിശോധനകളും വരും ദിവസങ്ങളില്‍ നടത്തും.
ഇതിനായി ഐഎംഎയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ അര്‍ഹരായ മുഴുവന്‍ ആളുകളെയും ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുമെന്നും എംഎല്‍എ അറിയിച്ചു.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ക്യാമ്പ് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന അസുഖത്താല്‍ ഇരുകാലുകളും തളര്‍ന്നു പോയ ആറാം ക്ലാസ് വിദ്യാര്‍ഥിനി യഷ്വിധയ്ക്ക് വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോകാന്‍ ഉതകുന്ന തരത്തിലുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് വീല്‍ ചെയര്‍ അദ്ദേഹം കൈമാറി. യഷ്വിധയ്ക്ക് ഉള്‍പ്പെടെ 10 പേര്‍ക്ക് വീല്‍ചെയര്‍ നല്കി.