കുടിവെള്ള പൈപ്പ് പൊട്ടി; ജലവിതരണം തടസപ്പെട്ടു
1487962
Wednesday, December 18, 2024 4:15 AM IST
കൊച്ചി: തമ്മനത്ത് ജല അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. ഇന്നലെ പുലര്‍ച്ചെ 4.30ഓടെ തമ്മനം ജംഗ്ഷനിലായിരുന്നു സംഭവം. തമ്മനം പുല്ലേപ്പടി റോഡ് വൈലോപ്പിളളി റോഡുമായി ചേരുന്ന പ്രദേശത്താണ് ചേര്‍ച്ച ഉണ്ടായത്. തമ്മനം പമ്പ് ഹൗസില്‍ നിന്നും നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെട്ടു. വൈകിട്ടോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു.
പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് ജല അഥോറിറ്റി അധികൃതരെത്തി പരിശോധനകള്‍ നടത്തിയെങ്കിലും ചോര്‍ച്ച കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് യന്ത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഉച്ചയോടെ ചോര്‍ച്ച കണ്ടെത്തിയത്. ആലുവയില്‍ നിന്നു കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പും പ്രദേശത്തുകൂടി കടന്നുപോകുന്നതിനാല്‍ ഈ പൈപ്പ് പൊട്ടിയതായിരിക്കാമെന്നാണ് ആദ്യം കരുതിയത്.
വിശദ പരിശോധനയിലാണ് ചോര്‍ച്ച ഈ പൈപ്പിനല്ല സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. ഈ സമയം റോഡില്‍ വെള്ളവും ചെളിയും നിറഞ്ഞ് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
പോലീസ് എത്തിയാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്. പൈപ്പിന്റെ കാലപ്പഴക്കം മൂലം സംഭവിച്ച ചോര്‍ച്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കടവന്ത്ര, വൈറ്റില, കതൃക്കടവ്, ഇളംകുളം പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനാണിത്.