ജില്ലാതല കേരളോത്സവം ഉദ്ഘാടനം 20ന്
1487957
Wednesday, December 18, 2024 4:15 AM IST
കാക്കനാട്: ജില്ലാതല കേരളോത്സവം 20ന് രാവിലെ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചയ് ക്കുശേഷം കളക്ടറേറ്റ് പരിസരത്ത് ടീം കേരള നടത്തുന്ന ഫ്ലാഷ്മോബിനു ശേഷം ജില്ലാപഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് മനോജ് മൂത്തേടൻ കേരളോത്സവ പതാക ഉയർത്തും.
ഡിസംബർ 30 വരെ ജില്ലയുടെ വിവിധ മേഖലകളിലായി ഒരുക്കുന്ന13 വേദികളിലാണ് കേരളോത്സവം നടക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന യോഗത്തിൽ ഉമാ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. കളക്ടർ എൻ.എസ്.കെ. ഉമേഷ്, സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് തുടങ്ങിയവർ മുഖ്യാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാൾ, ഇഎംഎസ് ഹാൾ, ഉമ്മൻചാണ്ടി ഹാൾ, ലീഡേഴ്സ് ചേംബർ, തൃക്കാക്കര കമ്യൂണിറ്റി ഹാൾ എന്നീ വേദികളിൽ 20, 21, 22 തീയതികളിൽ വിവിധ കലാ മത്സരങ്ങളും, 22ന് ജില്ലാ പഞ്ചായത്ത് വേദികളിൽപഞ്ചഗുസ്തി, കളരിപ്പയറ്റ് മത്സരങ്ങളും, 23, 24 തീയതികളിൽ കളമശേരി ഗവ. പോളിടെക്നിക് ഗ്രൗണ്ടിൽ അത്ലറ്റിക്സും നടക്കും.
നീന്തൽ: മുളന്തുരുത്തി കാരിക്കോട് ജിയുപിഎസ് (27), ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്: കളമശേരി ഗവ. പോളി ടെക്നിക് ഗ്രൗണ്ട് (27,28, 29), വോളിബോൾ: മഞ്ഞള്ളൂർ വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് (28, 29), ഫുട്ബോൾ: പെരുന്പാവൂർ ആശ്രമം ഹൈസ്കൂൾ (27, 28, 29), ഷട്ടിൽ ബാഡ്മിന്റൺ: കാക്കനാട് മാവേലിപുരം ഇൻഡോർ സ്റ്റേഡിയം (27,28), ആർച്ചറി: പോഞ്ഞാശേരി ജോറിസ് ആർച്ചറി ഇന്സ്റ്റിറ്റ്യൂട്ട് (27), കബഡി, വടംവലി: കാക്കനാട് സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് (28) എന്നിങ്ങനെയാണ് മറ്റു മത്സരങ്ങളുടെ ക്രമം.
28ന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ജില്ലാ കളക്ടറും തമ്മിലുള്ള സൗഹൃദ വടംവലി മത്സരവും 30 ന് വൈകുന്നേരം 6 മണിക്ക് ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിലുള്ള ഫുട്ബോൾ മത്സരവും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.