വന്യമൃഗ ശല്യം : പൊറുതിമുട്ടി വനാതിർത്തി ഗ്രാമങ്ങൾ
1487742
Tuesday, December 17, 2024 5:03 AM IST
ജിജു കോതമംഗലം
കോതമംഗലം: വന്യജീവികളുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്പോൾ കോതമംഗലം താലൂക്കിലെ മലയോരമേഖലകൾ ആകുലതകളുടെ നടുവിലാണ്. ആകുലതകൾ അകറ്റേണ്ടതാരെന്ന അന്വേഷണം ചെന്നെത്തിനിൽക്കുന്നത് അധികാരികൾക്കു മുന്നിലെങ്കിലും ഫലപ്രദമായ നടപടികൾ ഇല്ലെന്നത് ആശങ്കയേറ്റുന്നു. അധികൃതരുടെ അനാസ്ഥ മൂലം കഴിഞ്ഞ പത്ത് മാസത്തിനിടെ നേര്യമംഗലം പ്രദേശത്തു മാത്രം കാട്ടാന ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്.
കാട്ടാന ആക്രമണത്തിൽ കൃഷിനാശങ്ങൾക്കൊപ്പം മനുഷ്യജീവനുകൾ പൊലിയുന്നത് തുടർ സംഭവങ്ങളായതോടെ ജനങ്ങൾ കടുത്ത ഭയാശങ്കയിലാണ്. അധികൃതരുടെ നിസംഗത തുടരുന്ന കാലത്തോളം വന്യമൃഗങ്ങൾ മരണതാണ്ഡവം തുടരുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി കുട്ടന്പുഴയിൽ ക്ണാച്ചേരി കോടിയാട്ട് എൽദോസിനെ കാട്ടാന ചവിട്ടിക്കൊന്ന ദാരുണ സംഭവം.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നേര്യമംഗലം -ഇടുക്കി റോഡിൽ കാട്ടാന ആക്രമണത്തിൽ എൻജിനീയറിംഗ് വിദ്യാർഥിനി കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറും മുന്പേയാണ് ഇന്നലത്തെ സംഭവം. കോതമംഗലം എം.എ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിനി സി.വി ആൻ മേരി (21). സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാട്ടാനക്കൂട്ടം പന മറിച്ചിട്ട് മരക്കമ്പ് തലയ്ക്കടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹപാഠി പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുല്ലശേരി അൽത്താഫ് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
കഴിഞ്ഞ മാർച്ച് നാലിനാണ് നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസ മേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വീട്ടമ്മയായ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (71) കൊല്ലപ്പെട്ടത്. പ്രദേശത്ത് കാട്ടാന ആക്രമണം തുടർസംഭവമാണ്.
പകലും പേടിക്കണം!
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ തുടങ്ങി വാളറ വരെയും ഇടുക്കി റോഡിൽ നേര്യമംഗലം മുതൽ നീണ്ടപാറ വരെയും പകൽ പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ഏത് സമയവും കാട്ടാനകൾ വാഹനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാം. സർവീസ് ബസുകളും സ്കൂൾ, കോളജ് വാഹനങ്ങളും ഉൾപ്പെടെ തിരക്കുള്ള ഇടുക്കി റോഡിലെ ചെമ്പൻകുഴിയിലാണ് കഴിഞ്ഞ ശനിയാഴ്ച വിദ്യാർഥിനിയുടെ ജീവൻ പൊലിഞ്ഞത്.
റോഡിനു മുകളിലെ ഉയരത്തിൽ നിന്ന് മറിഞ്ഞ മരത്തിനടിയിൽപ്പെട്ട് വിദ്യാർഥികൾ റോഡിൽ വീഴുകയും ബൈക്ക് നിയന്ത്രണംവിട്ട് എതിർവശത്തെ പറമ്പിലെത്തുകയും ചെയ്തു.
ചെമ്പൻകുഴി, നീണ്ടപാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നതു പതിവായി ജനം പൊറുതിമുട്ടുമ്പോഴാണ് ഏക യാത്രാമാർഗമായ പാതയിലും ആനകളുടെ സാന്നിധ്യം പതിവാകുന്നത്. ദേശീയപാതയിൽ വില്ലാഞ്ചിറയിലും നേര്യമംഗലം പാലത്തിനടുത്ത് വനം വകുപ്പ് ഓഫിസിന് മുന്നിലും കാട്ടാനയിറക്കം പതിവാകുന്നത്, പലപ്പോഴും ഗതാഗത തടസത്തിനു കാരണമാകുന്നുണ്ട്.
പുഴ കടന്നെത്തുന്ന കാട്ടാനകൾ
കഴിഞ്ഞ ദിവസം നേര്യമംഗലം ടൗണിനടുത്തു വരെ കാട്ടാനയെത്തിയിരുന്നു. കാഞ്ഞിരവേലി ഭാഗത്ത് നിന്ന് പെരിയാർ കടന്നെത്തുന്ന ആനകളാണ് ചെമ്പൻകുഴി, നീണ്ടപാറ പ്രദേശങ്ങളിൽ തമ്പടിച്ച് വ്യാപക നാശമുണ്ടാക്കുന്നത്. ഇതിനിടെ കഴിഞ്ഞ ആഴ്ചകളിൽ മുള്ളരിങ്ങാട്, ചാത്തമറ്റം, ഒറ്റക്കണ്ടം, പാച്ചോറ്റി മേഖലകളിലെത്തിയ കാട്ടാനകളെ തിരികെ വനപാലകരുടെ നേതൃത്വത്തിൽ തുരത്തി പെരിയാർ കടത്തിയിരുന്നു. ഇവയെ ചെമ്പൻകുഴി, നീണ്ടപാറ ഭാഗങ്ങളിലെത്തിച്ചതാണ് ആനകളുടെ സാന്നിധ്യം പ്രദേശത്ത് വർധിക്കാൻ ഇടയാക്കിയതെന്നും പറയപ്പെടുന്നു.
പ്രതിഷേധം ശക്തമാകുമ്പോൾ ആളുകളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന പ്രഖ്യാപനങ്ങൾ നടപ്പായിട്ടില്ല. പ്രദേശത്ത് പണ്ട് സ്ഥാപിച്ച വൈദ്യുത വേലികൾ കാട്ടാനകൾ തകർത്തു കഴിഞ്ഞു. തൂക്കു വൈദ്യുത വേലി സ്ഥാപിക്കൽ വടാട്ടുപാറയിലൊഴികെ മറ്റിടങ്ങളിൽ നിർമാണോദ്ഘാടനങ്ങൾ നടന്നതല്ലാതെ പ്രാവർത്തികമായിട്ടില്ല.
കിടങ്ങെവിടെ?
കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതെ വനാതിർത്തി പ്രദേശങ്ങളിൽ കിടങ്ങ് സ്ഥാപിക്കാൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കിയെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭ്യമായില്ല. കർഷകർ സ്വന്തം നിലയ്ക്ക് സ്വന്തം പുരയിടത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇതിൽ വീണ് വന്യമൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടുകയോ, പരിക്ക് പറ്റുകയോ ചെയ്താൽ സ്ഥല ഉടമയായ കർഷകരുടെ പേരിൽ ജാമ്യമില്ലാ കേസ് ഉറപ്പ്. എന്നാൽ പ്രദേശത്ത് പല വനം വകുപ്പ് ഓഫൂസുകളും ചുറ്റും കിടങ്ങ് നിർമിച്ചാണ് സംരക്ഷിച്ചിട്ടുള്ളത്.
താലൂക്കിൽ വന്യജീവി ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിയുകയും അനേകം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നന്നുമുണ്ട്. നേര്യമംഗലം കാഞ്ഞിരവേലിയിൽ വിട്ടമ്മയായ ഇന്ദിര പുരയിടത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ സംസ്ഥാനം കണ്ട വലിയ പ്രതിഷേധങ്ങളിലൊന്നായിരുന്നു. പ്രതിഷേധം മുന്നിൽകണ്ട് ആൻമേരിയുടെ മൃതദേഹം അധികൃതർ ശനിയാഴ്ച രാത്രി തന്നെ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയിരുന്നു.
ഞായറാഴ്ച പ്രതിഷേധം തടയാൻ നഗരത്തിൽ പോലീസിന്റെ മുൻ കരുതലും എടുത്തിരുന്നു. വന്യമൃഗ ആക്രമണങ്ങൾക്കെതിരെയും ഇനിയും ജീവനുകളും ക്യഷിയും പൊലിയാതിരിക്കാൻ നടപടികളും ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ്. വനംവകുപ്പും കേന്ദ്ര- സംസ്ഥാ സർക്കാരുകളും ഇനിയും നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കും.
ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കും:
ആന്റണി ജോൺ എംഎൽഎ
50 ലക്ഷം രൂപയോളം ചെലവഴിച്ച് അഞ്ചു കിലോമീറ്റർ ദൂരത്തിൽ ചെമ്പൻകുഴി - നീണ്ടപാറ കരിമണൽ വരെയുള്ള പ്രദേശങ്ങളിൽ ഡബിൾ ലൈൻ ഹാംഗിംഗ് ഫെൻസിംഗിന്റെ നിർമാണ പ്രവർത്തനങ്ങളുടെ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ഉടൻ നിർമാണം ആരംഭിക്കും. നീണ്ടപാറയിലും ചെമ്പൻകുഴിയിലും മിനി മാസ്റ്റ് ലൈറ്റുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന പാതകളിൽ ആർആർടിയുടെ സേവനം സദാസമയവും ഉറപ്പുവരുത്തും.നേര്യമംഗലം -അടിമാലി റോഡിലും നേര്യമംഗലം- ഇടുക്കി മേഖലയിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന അപകടകരമായ മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് വനം വകുപ്പിനോടും ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിന്റെ അനാസ്ഥ
ഷിബു തെക്കുംപുറം
യുഡിഎഫ് ജില്ലാ കൺവീനർ
സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് കാട്ടാന ആക്രമണത്തിൽ മരണങ്ങൾക്ക് കാരണമായിട്ടുള്ളത്. ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേത്.
സർക്കാർ സമയോചിതമായി ഇടപെട്ട് ഉചിതമായ നടപടി കൈക്കൊള്ളാത്തതാണ് മേഖലയിൽ കാട്ടാന ആക്രമണങ്ങൾ തുടർ ക്കഥയാകാൻ കാരണം.
വാഗ്ദാനങ്ങൾ പോരാ
ഫാ.ജോൺ ഓണേലിൽ
വികാരി, നീണ്ടപാറ സെന്റ് മേരീസ് പള്ളി
വന്യമൃഗങ്ങളുടെ ആക്രമണം മൂലം നീണ്ടപാറ പ്രദേശത്തെ ജനങ്ങൾ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സംരക്ഷണം ബന്ധപ്പെട്ട അധികാരികൾ വാഗ്ദാനങ്ങളിൽ ഒതുക്കാതെ പ്രവൃത്തിയിൽ എത്തിക്കണം.
കാലോചിതമായ മാറ്റം വേണം
സിബി മാത്യു
പ്രസിഡന്റ് , കവളങ്ങാട് പഞ്ചായത്ത്
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്ന രീതിയിൽ കാലോചിതമായ മാറ്റം വനസംരക്ഷണ നിയമത്തിൽ ഉണ്ടാകണം. കവളങ്ങാട് പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വനാതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. സംസ്ഥാന സർക്കാരിനെക്കൊണ്ട് വിഷയം പരിഹരിക്കാനാവാത്ത ഒരവസ്ഥ കേന്ദ്രവനനിയമം മൂലമുണ്ട്. അതിന് മാറ്റം ഉണ്ടാകണം.
ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണം
സൈജന്റ് ചാക്കോ
മുൻ പ്രസിഡന്റ്, കവളങ്ങാട് പഞ്ചായത്ത്
കാട്ടാന മറിച്ച മരം വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മൂന്നാർ ഡിഫ്ഒയെയും നേര്യമംഗലം റേഞ്ച് ഓഫീസറെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കാൻ പോലീസ് തയാറാകണം.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ തീരുമാന പ്രകാരം, റോഡ് സൈഡിൽ മനുഷ്യ ജീവന് അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണം എന്ന നിർദേശം നടപ്പിലാക്കിയിട്ടില്ല.
അധികൃതരുടെ നിസംഗത അതിക്രൂരം
സണ്ണി കടുത്താഴെ
കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ്
കാട്ടാനയുടെ ആക്രമണത്തിൽ മാസങ്ങൾക്കിടെ നേര്യമംഗലം ഭാഗത്ത് രണ്ട് സ്ത്രീകൾ ദാരുണമായി കൊല്ലപ്പെട്ടിട്ടും വനം വകുപ്പ് അധികൃതരുടെ നിസംഗത അതിക്രൂരമാണ്.
പുതിയ വനം നിയമ പരിഷ്കരണ നിർദേശങ്ങൾ കൂടി നടപ്പാക്കിയാൽ, പൊതുജനം പിടിച്ചുനിൽക്കാനും ജീവിക്കാനും വേണ്ടി കടുംകൈ ചെയ്യേണ്ടിവരും. ആ അവസ്ഥ വനംവകുപ്പ് അധികൃതരും സർക്കാരും വരുത്തിവയ്ക്കരുത്.
പുറത്തിറങ്ങാനാവാത്ത സ്ഥിതി!
അമ്പിളി മനു
ചെമ്പൻകുഴി സ്വദേശിനി
ആനപ്പേടിയിൽ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. മരണ ഭയത്താലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഫോണിൽ വിളിച്ചാൽ ഫോറസ്റ്റ് അധികൃതർ എടുക്കാറില്ല. കൂടുതൽ വനപാലകരെയും വാച്ചർമാരെയും അടിയന്തരമായി നിയമിക്കണം.
വൈദ്യുത വേലികളും വഴിവിളക്കുകളും വേണം
പി.ആർ സോമൻ
പത്ര ഏജന്റ് നേര്യമംഗലം
ഭയാശങ്കയോടെ അല്ലാതെ നേര്യമംഗലം പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയുന്നില്ല.
നേര്യമംഗലം ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി, ചെമ്പൻകുഴി ,നീണ്ടപാറ മേഖലകളിൽ കാട്ടാന ശല്യം വളരെ രൂക്ഷമാണ്. നാട്ടുകാരും വാഹന യാത്രികരും ഭീതിയിലാണ്. പ്രദേശത്ത് പത്രവിതരണക്കാർക്ക് കാട്ടാനയെ പേടിച്ച് പല ദിവസങ്ങളിലും സമയത്ത് എത്താൻ കഴിയുന്നില്ല. അടിയന്തിരമായി വൈദ്യുത വേലികളും വഴിവിളക്കുകളും സ്ഥാപിക്കുകയും പട്രോളിംഗിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം.
ഇനി പൊലിയരുത്, മനുഷ്യജീവൻ
ഫാ. ബെൻ സെബാസ്റ്റ്യൻ മാത്യു കല്ലുങ്കൽ
വികാരി, സെന്റ് ജോൺസ് യാക്കോബായ
സിറിയൻ ചർച്ച്, ചെന്പൻകുഴി
വന്യജീവികളുടെ ആക്രമണത്തിൽ നേര്യമംഗലം പ്രദേശത്ത് ഇനിയും മനുഷ്യജീവനുകൾ പൊലിയരുത്.
അതിനായി വനം വകുപ്പും കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം.
പ്രദേശവാസികൾക്ക് കൃഷി ചെയ്യാനും സുരക്ഷിതമായി ജീവിക്കാനും അവസരം ഒരുക്കണം.