അത്താണിയിലെ ഗതാഗതക്കുരുക്കും അപകടസാധ്യതയും ഒഴിവാക്കണം
1487733
Tuesday, December 17, 2024 5:03 AM IST
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖ്യകവാടമായ അത്താണിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്ന് അങ്കമാലി - അത്താണി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.ഒ. ഡേവിസ്, ട്രഷറർ ടി.എസ്. സിജുകുമാർ എന്നിവർ ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മന്ത്രി കെ.ബി. ഗണേഷ്കുമാർ നേരിട്ട് അത്താണിയിൽ എത്തി വിമാനത്താവള ജംഗ്ഷനിലും അത്താണി ജംഗ്ഷനിലും റോഡിന് നടുവിൽ വീപ്പകൾ സ്ഥാപിച്ച് സിഗ്നൽ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നു.
എന്നാൽ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും ജനപ്രതിനിധികളുമായോ ദേശീയപാത അധികാരികളുമായോ ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെയും നടപ്പാക്കിയ പരിഷ്കാരത്തെതുടർന്ന് ഗതാഗതക്കുരുക്ക് വർധിക്കുകയും അപകടങ്ങൾ പതിവാവുകയുമാണ്. ആലുവയിൽനിന്നും അങ്കമാലിയിൽനിന്നും പറവൂർ, മാള, പുത്തൻവേലിക്കര, എളവൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 60 ലധികം സ്വകാര്യ ബസുകൾക്ക് സമയനിഷ്ഠ പാലിച്ച് സർവീസ് നടത്താൻ കഴിയുന്നില്ല. രാവിലെയും വൈകിട്ടും ചെങ്ങമനാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ദേശീയപാത മുറിച്ചു കടക്കാൻ ജുഡീഷ്യൽ അക്കാദമി മുതൽ കാത്തുകിടക്കേണ്ടതായിവരുന്നു.
മേക്കാട് റോഡിൽനിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ഏറെ ക്ലേശകരമാണ്. ദേശീയ പാതയിലൂടെ വരുന്ന ദീർഘദൂര യാത്രക്കാർക്ക് സിഗ്നൽ തടസങ്ങൾ ഇല്ലാതെ കടന്നുപോകുന്നതിനു വേണ്ടി എടുത്ത തീരുമാനം നടപ്പാക്കിയപ്പോൾ കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കുന്നതിനുള്ള അവസരമാണ് ഇല്ലാതായത്. ദേശീയപാതയിലൂടെ ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അത്താണി ജംഗ്ഷനിൽ ഇപ്പോൾ സിഗ്നൽ ഇല്ലാതെ കടന്നുപോകുന്നതിനാൽ ചെങ്ങമനാട് ഭാഗത്തുനിന്നു പച്ച സിഗ്നൽ തെളിഞ്ഞ് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഒരേസമയം രണ്ട് ദിശയിൽ നിന്നുള്ള വണ്ടികൾ നേർക്കുനേർ വരുന്ന അവസ്ഥയാണ് ഇപ്പോഴത്തെ സിഗ്നലിലുള്ളത്.