കാട്ടാന ആക്രമണം: കോതമംഗലത്തെ പ്രതിഷേധ പരിപാടിയിൽ പ്രസംഗിച്ചവരുടെ വാക്കുകൾ
1487960
Wednesday, December 18, 2024 4:15 AM IST
മോൺ. പയസ് മലേക്കണ്ടത്തിൽ
മൃഗങ്ങളെ സംരക്ഷിക്കുന്ന മന്ത്രിയെ അല്ല, ജനങ്ങളെ സംരക്ഷിക്കുന്ന മന്ത്രിയെ ആണ് ജനത്തിനാവശ്യമെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ . ഭരണഘടന അനുശാസിക്കുന്ന വിധം ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സംരക്ഷണം അധികാരികൾ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു.
ഏലിയാസ് മാർ യൂലിയോസ്
മെത്രാപ്പോലീത്ത
സംഘർഷാവസ്ഥയിലും വിവേകത്തോടെ ഇടപെട്ട ഒരു ജനതയുടെ നിലവിളിയുടെ ശബ്ദമാണ് കോതമംഗലത്തെ ജനകീയ മാർച്ചെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് പറഞ്ഞു. വനാതിർത്തിയിലെ ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കപ്പെടണം.
മാത്യു കുഴൽനാടൻ എംഎൽഎ
വനാതിർത്തി മേഖലയിൽ നിശബ്ദ കുടിയിറക്കിനായുള്ള പരിശ്രമത്തിലാണ് വനം വകുപ്പെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. എത്ര വലിയ അധികാര കസേരയിലിരുന്നാലും ജനങ്ങളുടെ ശക്തിയേക്കാൾ വലുതല്ല ഒരധികാരവും.
ആന്റണി ജോൺ എംഎൽഎ
വാരിയത്തെ കാശി രാമൻ മുതൽ എൽദോസ് വരെ 13 പേർ വന്യമൃഗ ആക്രമണ മരണത്തിനിരയായെന്ന് ആന്റണി ജോൺ എംഎൽഎ . സംസ്ഥാനത്ത് വനാതിർത്തിയിൽ വസിക്കുന്ന 30 ലക്ഷം ജനങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം. അതിനുള്ള നടപടിക്കായി പരിശ്രമിക്കും.
ഫാ. അരുൺ വലിയതാഴത്ത്
സാധാണക്കാരായ മനുഷ്യരുടെ മുന്നേറ്റമാണിത്. ഇതിനപ്പുറം പ്രതികരിക്കാനുള്ള ആർജ്ജവമുണ്ടെന്നും ജനകീയ സമരസമിതി കൺവീനറും കുട്ടമ്പുഴ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. അരുൺ വലിയതാഴത്ത്. രാത്രി മുതൽ പുലർച്ച വരെ ജനം ഒരുമിച്ചു നിന്നു. ഇനിയും നാം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. സാധാരണ ജനത്തിന്റെ ഒത്തൊരുമയാണ് ഈ ജനകീയ മുന്നേറ്റം.
ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ്
എൽദോസിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ഇൻഫാം ഡയറക്ടർ ഫാ.റോബിൻ പടിഞ്ഞാറെക്കുറ്റ് . അതിനായി രണ്ട് എംഎൽഎ മാരും നിയമസഭയിൽ സമ്മർദ്ദം ചെലുത്തണം. അതിന് കഴിയുന്നില്ലെങ്കിൽ നിങ്ങൾ പരാജയമാണ്.
റോഡിൽ വീണ എൽദോസിന്റെ രക്തം ഇനിയും ഉണങ്ങിയിട്ടില്ല. കുടുംബത്തിന്റെ അവസ്ഥ വളരെ ദുരിതത്തിലാണ്. അർഹമായ നഷ്ടപരിഹാരത്തുക 24 ലക്ഷമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതമായ 10 ലക്ഷം വീതവും ദുരിതാശ്വാസ നിധിയിൽ നിന്ന് നാലു ലക്ഷവുമാണ് ലഭ്യമാകേണ്ടത്.
സണ്ണി കടുത്താഴെ
രാത്രി ഉറങ്ങിയും പകൽ ഉറക്കം നടിച്ചും കഴിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ശത്രുക്കളെന്ന് കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ പറഞ്ഞു. വന്യമൃഗങ്ങളിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് ജനകീയ മാർച്ച് സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.