അധിക വൈദ്യുത നിരക്ക്: അദാനി ഗ്രൂപ്പിനെ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന്
1487710
Tuesday, December 17, 2024 4:31 AM IST
മൂവാറ്റുപുഴ : വൈദ്യുത വിതരണരംഗത്തേക്കു അദാനി ഗ്രൂപ്പിനെ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കേരളത്തിലെ ജനങ്ങൾ അധിക വൈദ്യുത നിരക്ക് നൽകേണ്ടിവരുന്നതെന്ന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ. യൂണിറ്റിന് 4.15 മുതൽ 4.29 രൂപ വരെയുള്ള ദീർഘകാല കരാറുകൾ റദ്ദാക്കി പകരം 10.25 രൂപ മുതൽ 14.30 പൈസ വരെ നൽകിയാണ് കെഎസ്ഇബി ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. ഇതിൽ കൂടുതലും അദാനി പവറിൽ നിന്നാണ്. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കാനായി 2016ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വൈദ്യുത ഉല്പാദക കന്പനികളുമായി 25 വർഷത്തെ ദീർഘകാല കരാർ ഉണ്ടാക്കിയിരുന്നു.
എന്നാൽ തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ഈ കരാറുകൾ എല്ലാം റദ്ദാക്കി. കോടികളുടെ നഷ്ടമാണ് ഇത് മൂലം വൈദ്യുത ബോർഡിന് സംഭവിക്കുന്നത്. ആ ഭാരമാണ് ഇപ്പോൾ ജനങ്ങളുടെ തലയിൽ അടിച്ചേല്പിക്കുന്നതെന്നും കോണ്ഗ്രസ് ആരോപിച്ചു. കോണ്ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റി പേഴക്കാപ്പിള്ളി സബ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.എം ഷാൻ പ്ലാക്കുടി അധ്യക്ഷത വഹിച്ചു.
മാത്യൂസ് വർക്കി, കെ എച്ച്. സിദ്ധിഖ്, സോഫിയ ബീവി, കെ.പി. ജോയി, കെ.കെ. ഉമ്മർ, പി.കെ മനോജ്, അനിൽ പി.എ, എൽദോസ് പി പോൾ, സജി പായിക്കാടൻ, ഷാനവാസ് പറന്പിൽ, എം.സി വിനയൻ, ഷൗക്കത്തലി മീരാൻ, കെ.കെ. സന്തോഷ് കുമാർ, മൂസ തോട്ടത്തിക്കുടി, എം.കെ. അമൃതദത്തൻ, റീന സജി, വിജി പ്രഭാകരൻ, നെജി ഷാനവാസ്, നൗഷാദ് മാത്താൻക്കാട്ടിൽ, എം.എം കൊച്ചുണ്ണി, സ്വാലിഹ് മുഹമ്മദ്, മനാഫ് ചമക്കലയിൽ എന്നിവർ പ്രസംഗിച്ചു.