ആലുവ നഗരം ചുറ്റാതെ സിറ്റി ബസ്: ചോദ്യം ചെയ്തവരെ അപായപ്പെടുത്താൻ ശ്രമം
1487738
Tuesday, December 17, 2024 5:03 AM IST
ആലുവ: നഗരം ചുറ്റാതെ ആലുവ ബാങ്ക് ജംഗ്ഷനിൽ മുഴുവൻ യാത്രക്കാരെയും ഇറക്കി ട്രിപ്പ് അവസാനിപ്പിച്ചത് ചോദ്യം ചെയ്ത പൊതുപ്രവർത്തകനേയും യാത്രക്കാരെയും ബസിടിച്ച് അപായപ്പെടുത്താൻ ശ്രമം. ആലുവ - പാലാരിവട്ടം റൂട്ടിൽ ഓടുന്ന സംറ എന്ന സ്വകാര്യ ബസിനെതിരെയാണ് പരാതി.
ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ആലുവ ടൗൺ ചുറ്റിവരാതെ ബാങ്ക് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിവിട്ടതാണ് യാത്രാക്കാരടക്കം ചോദ്യം ചെയ്തത്.
എന്നാൽ യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തിയെയും യാത്രക്കാരെയും ബസ് ഇടിപ്പിച്ച് അപകടപ്പെടുത്താനാണ് ശ്രമിച്ചത്. ബസ് ജീവനക്കാർ അനൂപിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ബസുകാർക്കെതിരെ ആലുവ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശക്തമായ നടപടികളെടുത്തില്ലെങ്കിൽ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം പറഞ്ഞു. ‘ദീപിക' കഴിഞ്ഞ ദിവസം യാത്രക്കാരെ ദുരിതത്തിലാക്കുന്ന സിറ്റി ബസുകളെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.