വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു: വനിതാ കമ്മീഷന്
1487741
Tuesday, December 17, 2024 5:03 AM IST
കൊച്ചി: വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂടുന്നതായും കുട്ടികളെ അതു ബാധിക്കുന്നതായും വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ലിവിംഗ് ടുഗെതര്‍ ബന്ധം വര്‍ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നു. ദാമ്പത്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഒട്ടേറെ പരാതികളില്‍ കൗണ്‍സലിംഗ് ആവശ്യമായിരിക്കുകയാണ്. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മുമ്പാകെ വന്ന പരാതികളില്‍ അണ് എയ്ഡഡ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് കമ്മീഷന് വിലയിരുത്തി.
സിസി കാമറകളിലൂടെ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിച്ചുകൊണ്ട് അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കമ്മീഷന് നിരീക്ഷിച്ചു. തൊഴിലിടങ്ങളില്‍ വനിതാ അധ്യാപകര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് ശ്രദ്ധ പുലര്‍ത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. പ്രായമായ മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയശേഷം അവരെ ഇറക്കിവിടുന്ന അനവധി പരാതികളാണ് ലഭിക്കുന്നതെന്ന ആശങ്ക കമ്മീഷന് അറിയിച്ചു.
എറണാകുളം ജില്ലാതല മെഗാ അദാലത്തില്‍ 117 പരാതികളാണു കമ്മീഷന് പരിഗണിച്ചത്. 15 കേസുകള്‍ തീര്‍പ്പാക്കി. അഞ്ചു കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിന് വിട്ടു. മൂന്നു പരാതികളില്‍ തുടര്‍ കൗണ്‍സലിംഗ് കൊടുക്കുന്നതിനു നിര്‍ദേശിച്ചു.
അദാലത്തില്‍ കമ്മീഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, വി.ആര്. മഹിളാമണി എന്നിവരും പങ്കെടുത്തു.