എക്സൈസ് ജീവനക്കാരനെ വീട്ടിൽ കയറി ആക്രമിച്ചു; പ്രതികൾ പിടിയിൽ
1487752
Tuesday, December 17, 2024 5:03 AM IST
പറവൂർ: എക്സൈസ് ജീവനക്കാരനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ കെടാമംഗലം വാക്കാമുറി കൃഷ്ണകൃപയിൽ രാഗേഷ് (33), എട്ടിയോടം മണപ്പാട്ടിൽ ഫിറോസ് (30) എന്നിവർ പോലീസ് പിടിയിലായി. ബിവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽനിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ഏഴിക്കര, കെടാമംഗലം പ്രദേശത്ത് ചില്ലറ വിൽപ്പന നടത്തുന്നവരാണിവർ. കെടാമംഗലം പെരുമ്പോടത്ത് വട്ടംതാട്ടിൽ വി.എസ്. ഹനീഷിന്റെ വീട്ടിലാണ് ഇവർ ആക്രമണം നടത്തിയത്. പറവൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ് ഹനീഷ്.
ഞായർ ദിവസത്തെ വിൽപ്പന ലക്ഷ്യമിട്ട് പറവൂർ നഗരത്തിലെ ബിവറേജസിൽ എത്തിയ രാഗേഷിന് എക്സൈസ് പരിശോധനയെത്തുടർന്ന് മദ്യം വാങ്ങാനായില്ല. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥാനയ ഹനീഷിനെ ഭീഷണിപ്പെടുത്തിയശേഷം ഇവിടെനിന്ന് പോകുകയായിരുന്നു. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നിന് ഹനീഷിന്റെ വീട്ടിലെത്തിയ രാഗേഷ് പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ബോണറ്റിൽ കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ച് കേടുവരുത്തുകയും വീടിനകത്തേക്ക് കല്ലുകൾ വലിച്ചെറിയുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഹനീഷിന്റെ ഭാര്യ വീണയെ അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു.
കല്ലേറുകൊണ്ട് വീണയുടെ കൈക്ക് പരിക്കേറ്റു. പിന്നീട് രാത്രി 11നും തിങ്കൾ പുലർച്ചെ ഒന്നിനും രണ്ടിനും സുഹൃത്തായ ഫിറോസിനോടൊപ്പം ഹനീഷിന്റെ വീട്ടിലെത്തിയ രാഗേഷ് രണ്ട് ജനൽ ചില്ലുകൾ എറിഞ്ഞുതകർക്കുകയും കാറിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി രാഗേഷിനെ പിടികൂടി. ഇതിനിടയിൽ രക്ഷപ്പെട്ട ഫിറോസിനെ തിങ്കൾ രാവിലെ 11നാണ് പോലീസ് പിടികൂടിയത്. അനധികൃത മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ മുന്പ് രണ്ട് തവണ രാഗേഷ് എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായിട്ടുണ്ട്.