എറണാകുളം മെഡിക്കൽ കോളജ് 11-ാം വാർഷികം ഇന്ന് ; നിർബന്ധിത പണപ്പിരിവെന്ന് പരാതി
1487751
Tuesday, December 17, 2024 5:03 AM IST
കളമശേരി: കളമശേരിയിൽ സ്ഥിതി ചെയ്യുന്ന എറണാകുളം മെഡിക്കൽ കോളജിന് ഇന്ന് 11 വയസാകുന്നു. 2013 ഡിസംബർ 17നാണ് എറണാകുളം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തത്. അതിന് മുമ്പ് സഹകരണ പ്രസ്ഥാനത്തിന്റെ കീഴിലായിരുന്നു പ്രവർത്തനം. 1999 ലാണ് സഹകരണ മെഡിക്കൽ കോളജ് രൂപമെടുത്തത്.
എന്നാൽ 18നും 19നും വാർഷിക ഹോസ്പിറ്റൽ ദിനമായി നടത്താനാണ് മെഡിക്കൽ കോളജ് അധികൃതർ തീരുമാനം. കൂടാതെ സ്ഥിരം ജീവനക്കാർക്ക് 1000 രൂപയും കരാർ ജീവനക്കാർക്ക് 600 രൂപയും വിദ്യാർഥികളിൽ നിന്നും 300 രൂപ വീതവും നിർബന്ധിത പിരിവാണ് നടത്തുന്നതെന്നും പരാതിയുണ്ട്. ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായാണ് ആക്ഷേപം. സ്ഥിരം ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുമെന്നും കരാർ ജീവനക്കാരെ പിരിച്ചുവിടുമെന്നുമാണ് ഉന്നതരായ സംഘാടകരുടെ ഭീഷണി.
കഴിഞ്ഞ 10-ാം വാർഷികത്തിന് 100 രൂപയായിരുന്നു എല്ലാവരിൽനിന്നും ശേഖരിച്ചിരുന്നത്. കഴിഞ്ഞവർഷം ആഘോഷത്തിനിടെ മദ്യപിച്ച് അബോധാവസ്ഥയിൽ താല്ക്കാലിക ജീവനക്കാരൻ വനിതയെ കയറി പിടിച്ചതിനാൽ ജീവനക്കാരനെ പിരിച്ചുവിട്ട ആക്ഷേപങ്ങളും നിലവിലുണ്ട്.
വാർഷികാഘോഷത്തിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നിരോധിക്കപ്പെട്ട ബാന്റ് കൊട്ടിയാണ് ആശുപത്രിയിൽ വാർഷിക വിളംബരം നടത്തിയത്. പ്രിൻസിപ്പൽ 17 വരെ അവധിയിലായതിനാൽ അദ്ദേഹത്തിന്റെ സൗകര്യത്തിനാണ് മെഡിക്കൽ കോളജ് ദിനം 18നും 19നും നടത്താൻ മാറ്റം വരുത്തിയതെന്നും ആക്ഷേപമുണ്ട്.
പരിപാടിയുടെ നടത്തിപ്പ് വിദ്യാർഥികളെ ഏല്പിച്ചിരിക്കുകയാണ്. മെഡിക്കൽ കോളജ് സംരക്ഷണ സമിതിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ ഭരണമാണ് മെഡിക്കൽ കോളജിലുള്ളത്. ഇതിന് പല ഉന്നതരുടെയും ഒത്താശയുമുണ്ട്.
ഏകപക്ഷീയമായ തീരുമാനത്തിൽ ചില വിഐപികളെ കഴിഞ്ഞ നാളുകളിൽ ഉദ്യോഗത്തിലെടുത്തതും സംരക്ഷണ സമിതിക്ക് അതൃപ്തിയുണ്ട്. വാർഡ് കൗൺസിലറെ പോലും ഉൾപ്പെടുത്താതെയാണ് സംരക്ഷണ സമിതി രൂപീകരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.