4.24 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
1487739
Tuesday, December 17, 2024 5:03 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 4.24 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ആമിൽ ആസാദ് (24) ആണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. 4.24 കോടിയോളം രൂപ വിലവരുന്ന 14.120 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അതിവിദഗ്ദമായി ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്താൻ ലക്ഷ്യമിട്ടാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് എത്തിക്കുന്നതിന് മയക്കുമരുന്ന് കടത്ത് സംഘം ഒരു ലക്ഷം രൂപയാണ് പിടിയിലായ ആമിൽ ആസാദിന് വാഗ്ദാനം ചെയ്തിരുന്നത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് കേസുകളിലായി 20 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
എല്ലാ കേസുകളിലും തായ്ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. ഇത്തരത്തിൽ തുടർച്ചയായി മയക്കുമരുന്ന് എത്തുന്നത് കണക്കിലെടുത്ത് കസ്റ്റംസ് വിഭാഗത്തിന് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണവും കർശനമായ പരിശോധനയുമാണ് നടന്നുവരുന്നത്. കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് തുടർച്ചയായി പിടികൂടിയിട്ടും വീണ്ടും വൻ തോതിൽ ഇതേ മയക്കുമരുന്നുമായി യാത്രക്കാരൻ എത്തിയത് കസ്റ്റംസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു.