കാട്ടാനക്കലിയിൽ ജീവിതം വഴിമുട്ടിയവർ കണ്ണീരിൽ !
1487964
Wednesday, December 18, 2024 4:15 AM IST
സിജോ പൈനാടത്ത്
കൊച്ചി: കാടിറങ്ങുന്ന കാട്ടാനശൗര്യം അപഹരിച്ച ജീവനുകൾ വനാതിർത്തി ഗ്രാമങ്ങളിലെ മായാത്ത സങ്കടസ്മൃതികളാകുന്പോൾ, ആനയിറങ്ങി ചവിട്ടിമെതിച്ച ജീവിതങ്ങളും ജീവനോപാധികളും നിരവധി. ആനകളുടെയും മറ്റു വന്യജീവികളുടെയും ആക്രമണങ്ങൾക്കിരകളായി, തുടർന്നു ജോലി ചെയ്യാനാവാത്ത സ്ഥിതിയിലെത്തിയവരെ സംസ്ഥാനത്തെ പല മലയോരഗ്രാമങ്ങളിലും കാണാം. ജീവനെപ്പോലെ പരിപാലിച്ചുവന്ന കൃഷിസ്ഥലങ്ങൾ നശിച്ചതിനും കണക്കില്ല...!
കഴിഞ്ഞ ദിവസം കാട്ടാന എൽദോസ് എന്ന യുവാവിന്റെ ജീവനെടുത്ത ഉരുളൻതണ്ണി ക്ണാച്ചേരി പ്രദേശം ഉൾപ്പെടുന്ന കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്കു കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതു കഴിഞ്ഞ ജനുവരിയിലാണ്. പുലർച്ചെ റബർ തോട്ടത്തിൽ ടാപ്പിംഗിനിടെയാണ് ഇരുട്ടിൽ മറഞ്ഞിരുന്ന കാട്ടാന ബെന്നിയെ ആക്രമിച്ചത്.
ആക്രമണത്തിൽ ബെന്നിയുടെ കൈ ഒടിഞ്ഞു. മസിലുകൾക്കും ഞരന്പുകൾക്കും സാരമായ പരിക്കേറ്റു. ഏറെക്കാലം ജോലിക്കു പോകാനാവാത്ത സ്ഥിതിയായിരുന്നു. ബെന്നിക്ക് വാഹനമായി ആകെയുണ്ടായിരുന്ന സ്കൂട്ടർ ആന പൂർണമായും തകർത്തു. ബെന്നിയുടെ ചികിത്സാച്ചെലവിനു ചെറിയ തുക കൊടുത്തതൊഴിച്ചാൽ വനംവകുപ്പ് പിന്നീട് ബെന്നിയെ തിരിഞ്ഞു നോക്കിയില്ല.
കോതമംഗലം വാവേലി നെടുക്കോട്ടിൽ സന്തോഷ് ജേക്കബ് എന്ന വാവച്ചനും കാട്ടാന ആക്രമണത്തിന്റെ ഇരയാണ്. വനംവകുപ്പിൽ വാച്ചറായിരുന്ന ഇദ്ദേഹത്തെ, വാവേലി- വേട്ടാന്പാറ റോഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിച്ചത്. ഗുരുതരമായി പരിക്ക് ഭേദമാക്കാൻ രണ്ടു ശസ്ത്രക്രിയകൾ വേണ്ടിവന്നു. എട്ടു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കു ചെലവഴിക്കേണ്ടിവന്നു. നഷ്ടപരിഹാരമായി കിട്ടിയ തുക നാമമാത്രം.
വീടിനടുത്ത് മഞ്ഞൾ കൃഷിത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ പാഞ്ഞെത്തിയ പുലിയുടെ കടിയേറ്റതിന്റെ ഞെട്ടിക്കുന്ന ഓർമയിലാണ് കോതമംഗലം കോട്ടപ്പടി ചേറ്റൂർ മാത്യുവിന്റെ ഭാര്യ റോസി. കൈയിലും കഴുത്തിലും പുലി ആക്രമിച്ചു. മാസങ്ങളോളം ചികിത്സയും വിശ്രമവുമായി കഴിഞ്ഞ റോസിയ്ക്ക് പഴയതുപോലെ ജോലികൾ ചെയ്യാനാവുന്നില്ല. നഷ്ടപരിഹാരവും കിട്ടാക്കനി.