കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം തുറന്നു
1479118
Friday, November 15, 2024 3:38 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 5,000 ചരുരശ്ര അടി വിസ്തീർണത്തിൽ ആഭ്യന്തര ടെർമിനലിന്റെ ആഗമന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് ഇടത്താവളം ഒരുക്കിട്ടുള്ളത്. ഇതിനുള്ളിൽ വിമാന സർവീസുകൾ സംബന്ധിച്ച് വിവരങ്ങൾ അടങ്ങുന്ന ഡിസ്പ്ലേ സംവിധാനം സജ്ജമാക്കിട്ടുണ്ട്. ഫുഡ് കൗണ്ടർ, പ്രീപെയ്ഡ് ടാക്സി കൗണ്ടർ, ദേവസ്വം ബോർഡിന്റെ ഹെൽപ്പ് ഡെസ്ക്ക് എന്നിവയെല്ലാം ഇവിടെയുണ്ട് .
സിയാലിലെ 0484 എയ്റോലോഞ്ചിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ലഭിക്കും. കഴിഞ്ഞവർഷം കൊച്ചി വിമാനത്താവളം വഴി 6,000 തീർഥാടകർ പോയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഈ തവണ തീർഥാടകരുടെ എണ്ണം ഏറെ വർധിക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ പ്രസംഗിച്ചു. 0484 എയ്റോ ലോഞ്ചിന്റെ സൗകര്യങ്ങൾ 0484-3053484 എന്ന നമ്പറിലും 0484reservation @ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം.