പൂത്തോട്ട പാലത്തിൽ ലോറികൾ കൂട്ടിയിടിച്ചു
1479117
Friday, November 15, 2024 3:38 AM IST
ഉദയംപേരൂർ: പൂത്തോട്ട പാലത്തിൽ ലോറികൾ കൂട്ടിയിടിച്ചതിനെ തുടർന്ന് വൈക്കം-പൂത്തോട്ട റൂട്ടിൽ വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് പൂത്തോട്ട പാലത്തിന്റെ കയറ്റത്തിൽവച്ച് കണ്ടെയ്നർ ലോറി എതിരേ വന്ന ടിപ്പറിലേക്ക് ഇടിച്ചുകയറിയത്. തൃപ്പൂണിത്തുറ ഭാഗത്തുനിന്നു ടൈലുകൾ കയറ്റിവന്ന കണ്ടെയ്നർ ലോറി വൈക്കത്തുനിന്നു പൂത്തോട്ട ഭാഗത്തേക്കുവന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. കണ്ടെയ്നർ ലോറി ഇടിയുടെ ആഘാതത്തിൽ ടിപ്പറിനെ തള്ളി പാലത്തിന്റെ മധ്യഭാഗത്തെത്തിച്ചതോടെയാണ് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടത്.
വൈക്കത്തേക്കും എറണാകുളത്തേക്കുമുള്ള വാഹനങ്ങൾ പിന്നീട് കാഞ്ഞിരമറ്റം മില്ലുങ്കൽ വഴിയാണ് കടത്തിവിട്ടത്. അപകട വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. രാവിലെ എട്ടോടെ ഇവിടേക്ക് ക്രെയിൻ എത്തിച്ചുവെങ്കിലും ലോറികൾ പാലത്തിന്റെ മധ്യഭാഗത്തായതിനാലും കണ്ടെയ്നർ ലോറി ഫുൾലോഡ് ആയതിനാലും വാഹനങ്ങൾ പൊക്കിമാറ്റാൻ സാധിക്കാതെയായി.
ചരിഞ്ഞുകിടന്ന ടിപ്പർ ലോറി അല്പം നേരെയാക്കിയതോടെയാണ് പിന്നീട് ചെറിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടാനായത്. ഉച്ചയോടെ ടിപ്പർ ലോറി ക്രെയിനിന്റെ സഹായത്തോടെ കാട്ടിക്കുന്ന് ഭാഗത്തേക്ക് മാറ്റിയ ശേഷം കാറുൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിന്റെ ഒരു വശത്തുകൂടി കടത്തിവിട്ടു. തുടർന്ന് കണ്ടെയ്നർ ലോറിയും നീക്കിയശേഷം വൈകിട്ട് അഞ്ചോടെയാണ് വലിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.