ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
1479115
Friday, November 15, 2024 3:38 AM IST
പിറവം: ആംബുലൻസ് നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് കിടപ്പുരോഗി മരിച്ചു. പോത്താനിക്കാട് പുൽപ്പറയിൽ പരേതനായ ബേബിയുടെ മകൻ ബെൻസനാ(35) ണ് മരിച്ചത്. മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. സഹോദരൻ ജെൻസൺ, ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെഞ്ഞാറമൂട് കാട്ടിൽ പുത്തൻവീട്ടിൽ ശിവപ്രസാദ്, അയൽവാസിയും സുഹൃത്തുമായ ബൈജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ സഹോദരൻ ജെൻസനെ പിറവം താലൂക്ക് ആശുപത്രിയിലും, ശിവപ്രസാദിനെയും ബൈജുവിനെയും വൈക്കം പൊതിയിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് മൂവാറ്റുപുഴ നിർമല ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി ഏഴോടെ മുളക്കുളം വടുകുന്നപ്പുഴ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഏതാനും വർഷം മുമ്പുണ്ടായ വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടമായ ബെൻസൺ വൈക്കത്ത് സ്വകാര്യ ആശുപത്രിയിലെ ചികിത്സിലായിരുന്നു. വ്യാഴാഴ്ച രാവിലെ പോത്താനിക്കാട്ടെ വീട്ടിൽനിന്ന് ആംബുലൻസിൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അനിയൻ ജെൻസണും, സുഹൃത്ത് ബൈജുവുമാണ് രോഗിയോടൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്. സഹപാഠിയായ കരിമണ്ണൂർ സ്വദേശി ജീറ്റ്സ് ജോർജ്, ബെൻസന് ഉപയോഗിക്കാനുള്ള വീൽ ചെയറുകളുമായി ഓട്ടോക്ഷയിൽ ഒപ്പം പോയിരുന്നു.
വടുകുന്നപ്പുഴ ക്ഷേത്രം മുതൽ എസ്എൻഡിപി കവല വരെയുള്ള ഭാഗം കോൺക്രീറ്റ് റോഡാണ്. ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് നിർമിച്ച റോഡിന് വശങ്ങളിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. കോൺക്രീറ്റ് കട്ടിംഗിൽ കയറി ആംബുലൻസ് മറിയുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്.
ആംബുലൻസിൽ കുടുങ്ങിപ്പോയ രോഗിയെയും മറ്റ് മൂന്ന് പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. വെള്ളൂരിൽ നിന്ന് പോലീസും പിറവത്ത് അഗ്നി രക്ഷാസേ നയും സ്ഥലത്തെത്തിയിരുന്നു. മാതാവ്: സ്റ്റെല്ല, സഹോദരങ്ങൾ: ജെൻസൺ, ബെൻസി