ജോലി തട്ടിപ്പ്: പ്രതി പിടിയിൽ
1479114
Friday, November 15, 2024 3:38 AM IST
വൈപ്പിൻ: ബിപിസിഎൽ ബോട്ട്ലിംഗ് പ്ലാന്റിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പോലീസിന്റെ പിടിയിലായി. കോട്ടയം നീർപാറ തടത്തിൽ വീട്ടിൽ പ്രദീഷി(37)നെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഞാറക്കൽ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. കരിമുകൾ ബിപിസിഎൽ ബോട്ട്ലിംഗ് പ്ലാന്റിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് 3,81,800 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കാതെ വന്നപ്പോൾ ഞാറയ്ക്കൽ സ്വദേശി പോലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ അമ്പലമേട് പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ടെന്ന് ഞാറക്കൽ സിഐ സുനിൽ തോമസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐ പി.ടി. സ്വപ്ന, സിപിഒമാരായ കെ.എം. പ്രജിത്ത്, കെ.എസ്.ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.