വീടിനു മുകളിൽ മണ്ണിടിഞ്ഞ സ്ഥലം എംഎൽഎയും സംഘവും സന്ദർശിച്ചു
1479113
Friday, November 15, 2024 3:38 AM IST
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ വീട് പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശിച്ചു. വീട്ടൂർകര വാടായ്കര വീട്ടിൽ വി.ജി. സുജിമോന്റെ വീടാണ് 2018ലെ പ്രളയത്തിൽ സമീപത്തെ മണ്ണിടിഞ്ഞുവീണ് തകർന്നത്. മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ അപകട ഭീഷണി നേരിടുന്ന വാടായ്കര വിജയൻ, വാടായ്കര കുഞ്ഞപ്പൻ എന്നിവരുടെ വീടുകളും സംഘം സന്ദർശിച്ചു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു, വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, ഡെപ്യൂട്ടി തഹസിൽദാർ ആർ. സാബു, വില്ലേജ് ഓഫീസർ പി.കെ. സ്വയ, വാർഡംഗം പി.കെ. എൽദോ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. സാജു തുടങ്ങിയവരാണ് എംഎൽഎയോടൊപ്പം സംഘത്തിലുണ്ടായിരുന്നത്. മണ്ണ് വീണത് അടിയന്തരമായി മാറ്റി വീട് വാസയോഗ്യമാക്കുന്നതിനും ഇവിടെ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ സമീപ വീടുകൾക്കും ഭീഷണിയായതിനാൽ പ്രദേശത്തെ മണ്ണ് അടിയന്തരമായി മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാൻ എംഎൽഎ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.