കൈകാലുകൾ ബന്ധിച്ച് വേന്പനാട്ടു കായൽ നീന്തിക്കടക്കാൻ ആറാം ക്ലാസുകാരൻ
1479111
Friday, November 15, 2024 3:38 AM IST
കോതമംഗലം: ഇരുകൈകാലുകളും ബന്ധിച്ച് വേന്പനാട് കായലിലെ ഏഴു കിലോമീറ്റർ ദൂരം നീന്തിക്കടക്കാൻ ഒരുങ്ങുകയാണ് കടവൂർ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥി. കടവൂർ തൊണ്ടാറ്റിൽ ജോബി ഏബ്രഹാം - മെറിൻ ദന്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ എബെൻ ജോബിയാണ് സാഹസിക നീന്തലിനൊരുങ്ങുന്നത്.
നാളെ രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ അന്പലക്കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് 11 വയസുകാരൻ നീന്താൻ ഒരുങ്ങുന്നത്.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലായിരുന്നു പരിശീലനം. ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന 20-ാമത് വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡിനു വേണ്ടിയുള്ള സാഹസിക നീന്തലാണിത്.