മത്സ്യമാർക്കറ്റ് കെട്ടിടത്തിലും പരിസരത്തും മാലിന്യം നിക്ഷേപിച്ച് നഗരസഭ
1479108
Friday, November 15, 2024 3:38 AM IST
മൂവാറ്റുപുഴ: നഗരത്തിലെ ആധുനിക മത്സ്യമാർക്കറ്റ് കെട്ടിടത്തിലും പരിസരത്തുമായി മാലിന്യം നിക്ഷേപിച്ച് നഗരസഭ. ഈസ്റ്റ് കടാതിയിലുള്ള നഗരസഭയുടെ ഡന്പിംഗ് യാർഡിൽ പ്രദേശവാസികൾ മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്റ്റേഡിയത്തിന് സമീപമുള്ള മത്സ്യ മാർക്കറ്റ് കെട്ടിടത്തിൽ നിക്ഷേപിക്കുന്നത്.
പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ളവ മാർക്കറ്റിന് സമീപവും ചാക്കുകളിലാക്കി കെട്ടിടത്തിനകത്തും നിക്ഷേപിച്ച നിലയിലാണ്. മാലിന്യങ്ങൾ മാർക്കറ്റിൽ കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയും മാലിന്യവുമായി നഗരസഭ ജീവനക്കാരെത്തുകയും, മാലിന്യം മണ്ണിട്ട് മൂടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് ബിജെപി പ്രവർത്തകരെത്തി മാലിന്യമെത്തിച്ച വാഹനവും, ജീവനക്കാരെയും തടഞ്ഞുവച്ചു. നഗരസഭ ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തി മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യാമെന്ന് അറിയിച്ചതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
നഗരസഭയുടെ തന്നെ ആധുനിക മത്സ്യ മാർക്കറ്റ് ഡന്പിംഗ് യാർഡാക്കി മാറ്റിയിരിക്കുയാണെന്നും പ്രതിഷേധത്തെ തുടർന്ന് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹനൻ പറഞ്ഞു.