മുനന്പത്തെ 614 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാകില്ലെന്ന്
1479107
Friday, November 15, 2024 3:38 AM IST
കൂത്താട്ടുകുളം: മുനന്പത്തെ 614 കുടുംബങ്ങളെ യാതൊരു സാഹചര്യത്തിലും കുടിയൊഴിപ്പിക്കാനാകില്ലെന്ന് കേരളാ കോണ്ഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു.
നിയമപരമായി വില കൊടുത്തു വാങ്ങിയതും തലമുറകളായി കൈവശമുള്ളതുമായ ഭൂമിയുടെ മേൽ ഈ കുടുംബങ്ങൾക്ക് പരിപൂർണ അവകാശമുണ്ട്. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് വഖഫ് സംരക്ഷണ സമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് നിരുപാധികം പിൻവലിക്കണമെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി യോഗം ചേർന്ന് തർക്കം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ കേരളാ കോണ്ഗ്രസ് ജേക്കബ് പ്രതിനിധി സംഘം മുനന്പം സമരപ്പന്തൽ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽ ഇടപ്പലക്കാട്ട്, ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ, ആന്റണി പാലക്കുഴി, ആന്റണി അറക്കൽ, ഷീൻ ജോസ്, സാജൻ ജോസഫ്, പ്രിൻസ് വെള്ളാറക്കൽ, ജോസ് പള്ളിപ്പാടൻ തുടങ്ങിയവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.