ഒലിയപ്പുറത്ത് ട്രാഫിക് മീഡിയനുകൾ പുനസ്ഥാപിച്ചു
1479106
Friday, November 15, 2024 3:38 AM IST
കൂത്താട്ടുകുളം: ഒലിയപ്പുറം കവലയിൽ ട്രാഫിക് മീഡിയനുകൾ പുനസ്ഥാപിച്ചു. വാഹന അപകടങ്ങൾ തുടർക്കഥയായിരുന്ന ഒലിയപുറം കവലയിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് മീഡിയനുകൾ പഴക്കം വന്നതിനെതുടർന്നാണ് പുനസ്ഥാപിച്ചത്. 2022ൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തെ തുടർന്നാണ് ഇവിടെ ട്രാഫിക് മീഡിയനുകൾ സ്ഥാപിച്ചിരുന്നത്.
അന്ന് പാന്പാക്കുട എംജിഎം എൻജിനീയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റാണ് ട്രാഫിക് മീഡിയനുകൾ സംഭാവന നൽകിയത്. പഞ്ചായത്ത് അംഗം നെവിൻ ജോർജ് കൂത്താട്ടുകുളത്തെ സ്വകാര്യ വസ്ത്ര വിപണന സ്ഥാപന ഉടമയുമായി ബന്ധപ്പെടുകയും തുടർന്ന് ലഭിച്ച സഹായം ഉപയോഗിച്ച് തിരുമാറാടി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ ട്രാഫിക് മീഡിയനുകൾ ക്രമീകരിക്കുകയായിരുന്നു.
ബാരിയറുകളിൽ തന്നെ ദിശാ സൂചികയും റിഫ്ളെക്ട് സ്റ്റിക്കറായി പതിപ്പിച്ചാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. തിരുമാറാടി പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ്, സി.വി. ജോയി എന്നിവരുടെ നേതൃത്വത്തിൽ ജോഷി കെ. പോൾ, ഒലിയപ്പുറം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാരായ രാജു പുതുമനക്കുന്നേൽ, മാമച്ചൻ വലിയകുന്നേൽ, ബിനു മുണ്ടയ്ക്കൽ, തോമസുകുട്ടി നിരപ്പത്താഴത്ത്, വിജയൻ ചിറ്റാമഠത്തിൽ എന്നിവരും ചേർന്ന് ട്രാഫിക് മീഡിയനുകൾ സ്ഥാപിച്ചത്.