കുട്ടിക്കാലം സുന്ദരമായ കാലഘട്ടം: മന്ത്രി പി. രാജീവ്
1479104
Friday, November 15, 2024 3:37 AM IST
കൊച്ചി: ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം കുട്ടിക്കാലമാണ്. ശിശുദിനത്തില്‍ കുട്ടികളുടെ കൈയിലുള്ള പനിനീര് പൂക്കള്‍ ചാച്ചാജിയോടുള്ള താത്പര്യവും സ്നേഹവുമാണു പ്രകടമാക്കുന്നതെന്നും മന്ത്രി പി. രാജീവ്.
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനത്ത് നടന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ലഹരിക്കും സമൂഹത്തിലെ മറ്റ് മോശം പ്രവണതകള്‍ക്കെതിരെയും പ്രതികരിക്കുന്ന ഉത്തരവാദിത്വമുള്ളവരായി കുഞ്ഞുങ്ങള്‍ മാറണം. കുട്ടികളുടെ സംഗമത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്പീക്കറും എല്ലാം പെണ്‍കുട്ടികളായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി രാജേന്ദ്ര മൈതാനത്ത് സമാപിച്ച റാലി എറണാകുളം സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അമയ ലൈജു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ രാഷ്ട്രപതി അമിയ സുമി സജി അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കര്‍ മേരി ശ്രദ്ധ മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂര്‍ കണ്ണാടിപറമ്പ് ഗവ. എച്ചഎസ്എസ് വിദ്യാര്‍ഥിയായ ബി. നന്മയ വരച്ച ശിശുദിന സ്റ്റാമ്പ് ജില്ലാ സ്പെഷല്‍ ജഡ്ജ് പ്രിന്‍സിപ്പിള്‍ ഹണി എം. വര്‍ഗീസ് പ്രകാശനം ചെയ്തു.