ആലുവയിൽ വീണ്ടും തെരുവുനായ് ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു
1479101
Friday, November 15, 2024 3:37 AM IST
ആലുവ: ആലുവ നഗരത്തിൽ തെരുവുനായ ആക്രമണം വീണ്ടും. നസ്രത്ത് റോഡിലൂടെ നടന്നു വരികയായിരുന്ന സ്കൂൾ വിദ്യാർഥിക്ക് ഇന്നലെ തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ ഏപ്രിൽ മാസം ഒരാളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ശേഷം ആലുവയിൽ ഇതുവരെ മുപ്പതോളം പേർക്കാണ് നായ യുടെ കടിയേറ്റിരിക്കുന്നത്.
ഇന്നലെ റോഡിലൂടെ നടന്നു വരികയായിരുന്ന ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥിക്കാണ് നായയുടെ കടിയേറ്റത്. ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഓടി മാറിയതിനാൽ കടിയേറ്റില്ല.
ഈ മേഖലയിൽ തെരുവു നായ ശല്യം വർധിച്ചിരിക്കുകയാണെന്നും അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ നഗരസഭയ്ക്ക് പരാതി നൽകിയതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ആയിരത്തഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.
പെരിയാർവാലി കനാൽ, പൈപ്പ് ലൈൻ റോഡ് മേഖലകളിൽ തള്ളുന്ന മാലിന്യമാണ് തെരുവുനായകളെ ഇവിടേക്ക് ആകർഷിക്കുന്നത്.
നിർമാണം നിലച്ച സമീപത്തെ ജില്ലാ പഞ്ചായത്തിന്റെ വയോജന കേന്ദ്രത്തിൽ തെരുവുനായകൾ പെറ്റുപെരുകുന്നതായും പരാതിയുണ്ട്.
പെരിയാർ വാലി ജലസേചന കനാലിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ "ദീപിക' യോട് പറഞ്ഞു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ തെരുവുനായകളുടെ കടിയേറ്റ 13 പേരിൽ പെരുമ്പാവൂർ കൂവപ്പടി പള്ളിക്കര വീട്ടിൽ പത്രോസ് പൈലി എന്ന പോളച്ചൻ (57) മരിച്ചിരുന്നു.
ഏപ്രിൽ രണ്ടിന് നടന്ന തെരുവുനായകളുടെ ആക്രമണത്തെ തുടർന്ന് ഒരാഴ്ച നീണ്ടു നിൽക്കുന്ന കൂട്ട വന്ധ്യംകരണ പദ്ധതി തീരുമാനിച്ചെങ്കിലും ഒരു ദിവസം മാത്രമേ നടന്നുള്ളൂ.
ഇരുചക്ര യാത്രക്കാർക്കും തെരുവുനായകളുടെ കടിയേൽക്കുന്നതും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യു സി കോളജ് റോഡിൽ തെരുവുനായയുടെ ദേഹത്തിടിച്ച് ബൈക്ക് മറിഞ്ഞ് ഒരു യുവാവ് മരിച്ചിരുന്നു.
സമീപ പഞ്ചായത്തുകളും തെരുവുനായ നിയന്ത്രണത്തിന് താത്പര്യം എടുക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.