ആന്തം ഓഫ് ദി സീസ് കൊച്ചിയിലെത്തി
1479098
Friday, November 15, 2024 3:10 AM IST
കൊച്ചി: റോയല്‍ കരീബിയന്‍ ഗ്രൂപ്പിന്റെ ആഢംബര കപ്പലുകളിലൊന്നായ ആന്തം ഓഫ് ദി സീസ് കൊച്ചിയിലെത്തി. 4,800 യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ കപ്പല്‍ ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ ശ്രീലങ്ക വഴി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. ദുബായില്‍ നിന്ന് മുംബൈ വഴിയാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നായി കപ്പലിലെത്തിയ യാത്രക്കാര്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
മൊത്തം 4,905 അതിഥികളെ ഉള്‍ക്കൊള്ളാവുന്നതാണ് കപ്പല്‍. മുതിര്‍ന്നവര്‍ക്കുള്ള സോളാരിയം ഉള്‍ക്കൊള്ളുന്ന ടോപ്പ് ഡെക്ക്, ഔട്ട്ഡോര്‍ പൂള്, പ്രവര്‍ത്തനക്ഷമമായ റൂഫ് സിസ്റ്റം ഉള്‍ക്കൊള്ളുന്ന പുതിയ ഇന്‍ഡോര്‍ പൂള്, എച്ച് 2 ഒ സോണ്‍, കിഡ്സ് അക്വാ പാര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന 16 പാസഞ്ചര്‍ ഡെക്കുകളാണ് ക്രൂയിസ് കപ്പലിലുള്ളത്. 40 അടി വലിപ്പമുള്ള ഒരു സര്‍ഫ് സിമുലേറ്റര്‍, ഡെക്കില്‍ നിന്ന് 40 അടി ഉയരമുള്ള ഒരു റോക്ക് ക്ലൈംബിംഗ് മതില്, സ്പാ, കാസിനോ, 220 അടി വിസ്തീര്‍ണമുള്ള ഒരു ഔട്ട്ഡോര്‍ മൂവി സ്ക്രീന്‍. റീട്ടെയില്‍ സ്പേസ്, മ്യൂസിക് ഹാള്‍, എന്റര്ടെയ്ൻമെന്റ് കോംപ്ലക്സ് തുടങ്ങിയവയാണ് കപ്പലിലെ പ്രധാന ആകര്ഷണങ്ങള്.
16 ഗസ്റ്റ് എലിവേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 22 നോട്ട് സ്പീഡില്‍ സഞ്ചരിക്കുന്ന കപ്പല്‍ മൂന്ന് ദിവസം കടലില്‍ യാത്ര തുടരും. തുടര്‍ന്ന് തായ്ലന്ഡിലെ പുക്കറ്റിലും പെനാങ്കിലും എത്തുന്ന കപ്പല്‍ 25ന് സിംഗപ്പൂരിലെത്തും. 1500 ക്രൂ അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന കപ്പലിന്റെ ഭാരം 168,666 ടണ്‍ ആണ്.