മയിലാടുംപാറയിൽ പാറ ഖനനം ആരംഭിക്കാൻ വീണ്ടും നീക്കം
1464716
Tuesday, October 29, 2024 1:47 AM IST
മൂവാറ്റുപുഴ: അപൂർവ ജീവജാലങ്ങളും സ്വഭാവിക വനവും നിറഞ്ഞ കായനാട് മയിലാടുംപാറയിൽ ജനകീയ പ്രക്ഷോഭത്തെതുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് നിർത്തിവയ്പിച്ച പാറ ഖനനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചു. ജി. മേട്ടിലാൽ യോഗം ഉദ്ഘാടനം ചെയ്തു. ടി.ബി. പൊന്നപ്പൻ (ജനറൽ കണ്വീനൻ), സി.സി. ജോയി, കെ.പി. സന്തോഷ്, ഇ.പി. ബിജു (ജോയിന്റ് കണ്‍വീനർമാർ) എന്നിവരുൾപ്പെടെ 25 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഇവിടെ നടന്നിരുന്ന പാറ ഖനനം ജനകീയ പ്രതിഷേധത്തെതുടർന്ന് കളക്ടർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതോടെ നിലച്ച പാറപൊട്ടിക്കലാണ് വീണ്ടും പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. അധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ദിവസേന നൂറുകണക്കിന് ലോഡ് കരിങ്കല്ലാണ് ഇവിടെനിന്നും നേരത്തെ പൊട്ടിച്ചു കടത്തിയത്. ഈനില തുടർന്നാൽ ദിവസങ്ങൾക്കകം കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന മലയും വെള്ളച്ചാട്ടവും ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ള സ്രോതസും ഇല്ലാതാകും.
അപൂർവ ജീവജാലങ്ങളും കുടിവെള്ള സ്രോതസും ഗ്രാമീണ ടൂറിസം പദ്ധതിയിലും ബയോ ഡൈവേഴ്സിറ്റി രജിസ്റ്ററിലും ഇടംപിടിച്ച സ്വാഭാവിക വനപ്രദേശവും ഉൾകൊള്ളുന്ന മയിലാടുംപാറ മേഖലയിലെ പാറ ഖനനം പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലിതാവസ്ഥക്കു തന്നെ വിനയാകും. നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും മല തകർത്ത് ഖനനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
മയിലാടുംപാറ, ശൂലം വെള്ളച്ചാട്ടം, വനക്ഷേത്രമുൾകൊള്ളുന്ന അരുവിക്കൽ കാവ്, കായനാട് ചെക്ക്ഡാം, അരുവിക്കൽ വെള്ളച്ചാട്ടം, കൊടികുത്തി ഗുഹ എന്നിവ ഉൾകൊള്ളിച്ചു തയാറാക്കിയ ഹരിത ടൂറിസം പദ്ധതിയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനിടെയാണു വനഭംഗിയോടു കൂടിയ മയിലാടുംപാറ തുരക്കാൻ ഖനന മാഫിയയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഏറെ പരിസ്ഥിതിക പ്രാധാന്യമുള്ള മയിലാടിമലയിൽ പാറ ഖനനത്തിന് അനുമതി നൽകരുതെന്നും ആക്ഷൻ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.