"മുഖ്യനും ഗവര്‍ണറും നാടിന് ആപത്ത്'; ബാനര്‍ പ്രതിഷേധവുമായി കെഎസ്യു
1379897
Wednesday, December 20, 2023 6:13 AM IST
കൊച്ചി: ഗവര്‍ണര്‍ക്കെതിരെ ബാനര്‍ പ്രതിഷേധവുമായി കാമ്പസുകളില്‍ എസ്എഫ്ഐ കളം നിറയുമ്പോള്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി കെഎസ്യുവിന്റെ നീക്കം. "ജനാധിപത്യം തൊട്ടുതീണ്ടാത്ത മുഖ്യനും, കാവി പുതച്ച ഗവര്‍ണറും നാടിന് ആപത്ത്' എന്ന ബാനര്‍ കാലടി ശ്രീ ശങ്കരാ കോളജിലെ കെഎസ്യു യൂണിറ്റാണ് ഉയര്‍ത്തിയിട്ടുള്ളത്.
ഗവര്‍ണര്‍ക്കെതിരെ യുഡിഎഫ് പ്രമേയം എതിര്‍ത്തവര്‍, കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഒത്തുകളിച്ചവര്‍, ഗവര്‍ണറുടെ ഇഷ്ടക്കാരെ പഴ്സണല്‍ സ്റ്റാഫില്‍ തിരുകി കയറ്റിയപ്പോള്‍ മൗനം തുടര്‍ന്നവര്‍ കെഎസ്യുവിനെ സമരം ചെയ്യാന്‍ പഠിപ്പിക്കേണ്ടന്നും പ്രതിഷേധക്കാര്‍ പറയുന്നു.
എസ്എഫ്ഐ ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരണമാണ് കെഎസ്യുവിന്റെ ബാനര്‍ പ്രതിഷേധം. ഇന്ന് എറണാകുളം മഹാരാജാസ് കോളജിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കോളജുകളിലേക്കും ബാനര്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.