മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കാര്യാലയം തുറന്നു
1598906
Saturday, October 11, 2025 7:17 AM IST
മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക കാര്യാലയം മന്ത്രി എം.ബി. രാജേഷ് നാടിനു സമര്‍പ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി മുന്നേറിയതായും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു ആമുഖപ്രസംഗം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പന്, കെ.ഡി. മോഹനന്, ഗീത രാധാകൃഷ്ണന്, മോളി ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്, സുധാ കുര്യന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് ആന്റണി, ടി. രഞ്ജിത്, അലക്സാണ്ടര്‍ പ്രാക്കുഴി, ബിന്ദു ജോസഫ്, സബിത ചെറിയാന്, ബീന കുന്നത്ത്, ലൈസാമ്മ ആന്റണി, ടീന റോബി, സൈന തോമസ്, ബ്ലോക്ക് സെക്രട്ടറി കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
ജോബ് മൈക്കിള്‍ എഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നനുവദിച്ച 2.14 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 26 ലക്ഷം രൂപയും ഉള്‍പ്പെടെ 2.40 കോടി രൂപയ്ക്കാണ് 7900 ചതുരശ്രയടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഓഫീസ് മുഖച്ഛായ ആകെപ്പാടെ മാറി
പോര്‍ച്ച്, ഫ്രണ്ട് ഓഫീസ്, സന്ദര്‍ശന മുറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കുള്ള മുറികള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, റെക്കോര്‍ഡ് മുറി, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ശൗചാലയങ്ങള്‍ എന്നിവയാണ് 430 ചതുരശ്രമീറ്ററുള്ള താഴത്തെനിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
305 ചതുരശ്ര മീറ്ററുള്ള ഒന്നാം നിലയില്‍ കൗണ്‍സില്‍ ഹാള്‍, വിഇഒ മുറി, വീഡിയോ കോണ്‍ഫറന്‍സ് മുറി, കമ്മിറ്റിയംഗങ്ങള്‍ക്കുള്ള മുറി, ശൗചാലയങ്ങള്‍, സ്റ്റോര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.17.20 ചതുരശ്ര മീറ്ററുള്ള സ്റ്റെയര്‍ മുറിയും നിര്‍മിച്ചിട്ടുണ്ട്.