സ്വകാര്യ പുരയിടത്തില്‍ മാലിന്യത്തിനു തീയിട്ടു : പുകയിൽ മുങ്ങി നഗരം... ശ്വാസം മുട്ടി ജനം
1598900
Saturday, October 11, 2025 7:17 AM IST
ചങ്ങനാശേരി: മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തെ ഓഡിറ്റോറിയത്തിന്റെ പിന്നില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യത്തിനു തീയിട്ടു. നാട് മുഴുവന്‍ പുകപടലം വ്യാപിച്ചു. കണ്ണുകാണാനാവാത്ത വിധവും ശ്വാസംമുട്ടിക്കുന്ന തരത്തിലും പുകവ്യാപിച്ചത് ആളുകളെ കുപിതരാക്കി. റോഡ് കാണാനാവാത്ത പോലെ പുകപടലം വ്യാപിച്ചത് വിദ്യാര്‍ഥികളടക്കം യാത്രക്കാരയും വലച്ചു.
സ്കൂള്‍ കുട്ടികള്‍ മൂക്കുപൊത്തി ഓടി. റോഡ് അരികിലുള്ള കെട്ടിടങ്ങളും ഓഫീസ് മുറികളും പുകകൊണ്ട് നിറഞ്ഞു. ചങ്ങനാശേരി നഗരസഭാ കാര്യാലയത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരെത്തി തീയണച്ചു. മാലിന്യത്തിനു തീയിട്ട ആളില്‍നിന്നു ഫൈന്‍ ഈടാക്കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ കെട്ടിട ഇടനാഴിയില്‍ തീപടര്‍ന്നു; വ്യാപാരികള്‍ തീയണച്ചു
ചങ്ങനാശേരി: കെട്ടിടത്തിന്റെ ഇടനാഴിയില്‍ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനു തീപിടിച്ചു. സമീപത്തെ വ്യാപാരികള്‍ ബക്കറ്റില്‍ വെള്ളം കോരിയൊഴിച്ച് തീയണച്ചതു മൂലം വന്‍ദുരന്തം ഒഴിവായി. കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള കെട്ടിടത്തിന്റെ അടഞ്ഞുകിടന്ന ഇടനാഴിയിലാണ് തീപടര്‍ന്നത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസുമെത്തി വെള്ളം സ്പ്രേ ചെയ്ത് മാലിന്യം പുറത്തിറക്കി ആളുകളുടെ ആശങ്ക ഒഴിവാക്കി.